മുംബൈ: ആഗോള വിപണികളുടെ പിന്നാലെ ഇന്ത്യൻ ഓഹരിവിപണിയും ഇടിഞ്ഞു. ഇന്നലെ പ്രധാന സൂചികകൾ ഒന്നരശതമാനത്തിലധികം താഴോട്ടു പോയി.
ചൊവ്വാഴ്ച നാലുശതമാനത്തിലേറെ തകർന്ന യുഎസ് വിപണിക്ക് ബുധനാഴ്ച അവധിയായിരുന്നു. പക്ഷേ, ബുധനാഴ്ചത്തെ അനൗപചാരിക അവധിക്കച്ചവടത്തിൽ സൂചികകൾ രണ്ടുശതമാനത്തോളം താണു. ഇതേത്തുടർന്നു ചൈനയിലടക്കം ഏഷ്യൻ വിപണികളിലെല്ലാം വലിയ ഇടിവുണ്ടായി.
ചൈനീസ് കന്പനിയായ വാവേയുടെ ചീഫ് ഫിനാൻസ് ഓഫീസറെ കാനഡയിൽ അറസ്റ്റ് ചെയ്ത നടപടി വീണ്ടും വാണിജ്യയുദ്ധത്തെപ്പറ്റിയുള്ള ഭീതി പരത്തിയിട്ടുണ്ട്. യൂറോപ്യൻ വിപണികളിൽ ഇത് ഇടിവിനു കാരണമായി. യുഎസ് വിപണിയും തുടക്കത്തിൽ ഇടിഞ്ഞു. ഇറാനെതിരായ ഉപരോധം ലംഘിച്ചെന്ന പേരിലാണ് വാവേ സിഎഫ്ഒയെ കാനഡ തടവിലാക്കിയത്. അമേരിക്കയുടെ ആവശ്യപ്രകാരമാണിത്. ഇവരെ വിചാരണയ്ക്കായി അമേരിക്കയ്ക്കു കൈമാറും.
ഇന്നലെ സെൻസെക്സ് 572.28 പോയിന്റ് (1.59 ശതമാനം) താണ് 35,312.13 ലെത്തി. നിഫ്റ്റി 181.75 പോയിന്റ് (1.69 ശതമാനം) ഇടിഞ്ഞ് 10,601.15-ൽ ക്ലോസ്ചെയ്തു.
സെൻസെക്സിലെ 30 ഓഹരികളിൽ സൺ ഫാർമ മാത്രമേ ഉയർന്നുള്ളൂ. നിഫ്റ്റിയുടെ അൻപതിൽ സൺഫാർമയും ജെഎസ്ഡബ്ല്യു സ്റ്റീലും മാത്രമാണു താഴാതിരുന്നത്.