മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വവും വലിയ ഗ്രൂപ്പുകളുടെ കടക്കെണിയും ഓഹരി വിലകൾ താഴ്ത്തി. ബാങ്കിംഗ്, ധനകാര്യ ഓഹരികൾക്കാണു വലിയ ഇടിവ്.
ഐഎൽ ആൻഡ് എഫ്എസിനു പിന്നാലെ കഫേ കോഫീ ഡേയുടെ വി.ജി. സിദ്ധാർഥും സീ ഗ്രൂപ്പിന്റെ സുഭാഷ് ചന്ദ്രയും കടം മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. അദാനി ഗ്രൂപ്പും കടം മൂലം വലയുന്നു. ഐസിഐസിഐ ബാങ്കിൽ പ്രശ്നങ്ങൾ എന്നു സംസാരം. ഇവയെല്ലാം നിരവധി വന്പൻ ഓഹരികളുടെ വിലയിടിച്ചു.
കടം പെരുകിയതും രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന ശ്രുതിയുമാണ് അദാനി ഗ്രൂപ്പ് ഓഹരികളെ വലിച്ചു താഴ്ത്തിയത്. മധ്യപ്രദേശിലെ രുചി സോയ വാങ്ങാനുള്ള ശ്രമത്തിൽനിന്നു ഗൗതം അദാനി പിന്മാറും എന്നും റിപ്പോർട്ടുണ്ട്.
കഫേ കോഫീ ഡേയുടെ കടം പ്രൊമോട്ടറായ സിദ്ധാർഥിനെ ബുദ്ധിമുട്ടിലാക്കി. അദ്ദേഹം ഐടി കന്പനിയായ മൈൻഡ് ട്രീ വില്ക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. എൽ ആൻഡ് ടിയാണ് മൈൻഡ് ട്രീ വങ്ങാൻ ശ്രമിക്കുന്നവരിൽ മുന്പിൽ. എൽ ആൻഡ് ടി ഇൻഫോടെക് ഉള്ള എൽ ആൻഡ് ടിക്കു മൈൻഡ് ട്രീ കിട്ടിയാൽ വന്പൻ ഐടി സ്ഥാപനങ്ങളുടെ നിരയിലേക്ക് ഉയരാനാകും.
സീ ഗ്രൂപ്പ് കടബാധ്യത തീർക്കാൻ ഗ്രൂപ്പ് കന്പനികളിൽ ഏതെങ്കിലും വിൽക്കും. മൂന്നു മാസത്തെ സാവകാശമാണ് ഇതിനു ബാങ്കുകളിൽനിന്നു സുഭാഷ് ചന്ദ്ര നേടിയിട്ടുള്ളത്.
സെൻസെക്സ് ഇന്നലെ 36,124.26 വരെ കയറിയിട്ടാണു കീഴോട്ടു പോയത്. വെള്ളിയാഴ്ചത്തെ നിലയിൽനിന്ന് 368.84 പോയിന്റ് (1.02 ശതമാനം) താണ് 35,656.7ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 119 പോയിന്റ് (1.1 ശതമാനം) ഇടിഞ്ഞ് 10,661.55ൽ ക്ലോസ് ചെയ്തു.
യെസ് ബാങ്ക് 5.46 ശതമാനം, ബജാജ് ഫിനാൻസ് 5.4 ശതമാനം, ഐസിഐസിഐ ബാങ്ക് 3.82 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.ഒന്നാം തീയതി അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി ജനപ്രിയ നടപടികൾ പ്രഖ്യാപിച്ച് കമ്മി വർധിപ്പിക്കുമെന്ന ഭീതിയും കന്പോളത്തിലുണ്ട്.