മുംബൈ: തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യൻ കമ്പോളങ്ങളിൽ ഇടിവ്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 424.61 പോയിന്റും നിഫ്റ്റി 125.80 പോയിന്റും താഴ്ന്നു. ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടംമൂലം നിക്ഷേപകർ വില്പനക്കാരായതാണ് ഇന്ത്യൻ കമ്പോളങ്ങളിൽ വലിയ താഴ്ചയ്ക്കു കാരണമായത്. ക്ലോസിംഗ് വേളയിൽ സെൻസെക്സ് 36,546.48ലും നിഫ്റ്റി 10,943.60ലുമാണ്.
മെറ്റീരിയൽ, ഇൻഡസ്ട്രിയൽ, എനർജി, ഓട്ടോ, മെറ്റൽ, കാപിറ്റൽ ഗുഡ്സ് തുടങ്ങിയ എല്ലാ മേഖലകളിലെയും ഓഹരികൾ താഴോട്ടുപോയി. ടാറ്റാ ഗ്രൂപ്പിന്റെ ടാറ്റാ മോട്ടോഴ്സ്, ടാറ്റാ മോട്ടോഴ്സ് ഡിവിആർ, ടാറ്റാ സ്റ്റീൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികൾക്കാണ് കൂടുതൽ ഇടിവ്. വ്യാഴാഴ്ച ടാറ്റാ മോട്ടോഴ്സിന്റെ അറ്റ നഷ്ടം 27,000 കോടി രൂപയോളം വന്നതാണ് ഇന്നലെ വിപണിയിൽ പ്രതിഫലിച്ചത്.
ആഗോള സാന്പത്തികമാന്ദ്യം മുന്നിൽക്കണ്ട് ഏഷ്യൻ കമ്പോളങ്ങളിൽ വ്യാപക ഇടിവുണ്ടായി. അമേരിക്ക-ചൈന വ്യാപാര ചർച്ചകളിൽ അനുകൂല വാർത്ത പുറത്തുവരാത്തതും കമ്പോളങ്ങളുടെ തളർച്ചയ്ക്കു കാരണമായി. ജപ്പാന്റെ നിക്കീ സൂചിക 2 ശതമാനവും ഹോങ്കോംഗിന്റെ ഹാൻസെങ് 0.25 ശതമാനവും ദക്ഷിണ കൊറിയൻ സൂചിക കോസ്പി 1.1 ശതമാനവും താഴ്ന്നു.