മുംബൈ: ഓഹരികൾക്കു തുടർച്ചയായ ഒൻപതാം ദിവസവും ഇടിവ്. സ്വർണവും ക്രൂഡ്ഓയിലും വീണ്ടും കയറുന്നു.മിക്ക ഏഷ്യൻ ഓഹരിസൂചികകളും ഇന്നലെ താഴോട്ടായിരുന്നു. യൂറോപ്പിലെ തുടക്കവും ഇടിവോടെയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിൽ പലരും പ്രതീക്ഷവയ്ക്കുന്നുണ്ട്. എന്നാൽ, വേണ്ടത്ര പുരോഗതിയില്ലെന്ന് ഒരു കൂട്ടർ പറയുന്നു.
ആഗോളവ്യാപാരം കുറയുകയാണെന്നു ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) ഇന്നലെ മുന്നറിയിപ്പ് നല്കിയതും വിപണിയെ ബാധിച്ചു. ഒൻപതുവർഷത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ഡബ്ല്യുടിഒയുടെ വ്യാപാരസൂചിക. നവംബറിൽ 98.6 ആയിരുന്ന സൂചിക ഡിസംബറിൽ 96.3ലേക്ക് ഇടിഞ്ഞു.
സെപ്റ്റംബറിൽ സംഘടന പ്രവചിച്ചത് 2019ലെ വ്യാപാരവളർച്ച 3.9 ശതമാനത്തിൽനിന്ന് 3.7 ശതമാനമായി കുറയുമെന്നാണ്. ഡിസംബറിലെ സൂചിക സൂചിപ്പിക്കുന്നത് വ്യാപാര വളർച്ച വീണ്ടും കുറവാകും എന്നാണ്. അമേരിക്കയും ചൈനയുമായുള്ള ചർച്ചയിൽ നല്ല ഒത്തുതീർപ്പ് ഉണ്ടാകുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. ഈ സാഹചര്യത്തിലാണ് ഓഹരിസൂചികകൾ താഴോട്ടു നീങ്ങിയത്.
ഇന്നലെ രാവിലെ നല്ല ഉയർച്ചയിലായിരുന്നു ഓഹരിവിപണി തുടങ്ങിയത്. സെൻസെക്സ് 300 പോയിന്റിലേറെ കയറിയ ശേഷമാണ് ഇടിഞ്ഞത്. വിദേശനിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ വില്പനക്കാരായി. സെൻസെക്സ് 145.83 പോയിന്റ് (0.41 ശതമാനം) താഴ്ചയോടെ 35,352.61-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 36.6 പോയിന്റ് (0.34 ശതമാനം) താണ് 10,604.35ൽ ക്ലോസ് ചെയ്തു.
ടിസിഎസിന് ഇന്നലെ വലിയ ഇടിവ് നേരിട്ടു. 3.39 ശതമാനമാണ് ആ കന്പനിയുടെ ഓഹരിവില താണത്. ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില ഇന്നലെ 66 ഡോളറിനു മുകളിലെത്തി. ഒപെക് ഉത്പാദനം കുറച്ചതാണ് കാരണം.
സ്വർണം ആഗോളവിപണിയിൽ ഇന്നലെ ഔൺസിന് 1330 ഡോളറിനു മുകളിലായി. 1350 ഡോളർവരെ വില ഉയരുമെന്നാണ് നിരീക്ഷകർ പറയുന്നത്.ഇന്ത്യയിലും സ്വർണവില കയറി. എംസിഎക്സ് അവധി വിപണിയിൽ 10 ഗ്രാമിന് 140 രൂപ കയറി.കേരളത്തിൽ പവന് 24,920 രൂപ എന്ന റിക്കാർഡ് നില തുടർന്നു.