മുംബൈ/ന്യൂയോർക്ക്: അമേരിക്കൻ ആശങ്കകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ ഇന്നലെ കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടുപോയിട്ടും രൂപയുടെ വില കുറഞ്ഞു.
അമേരിക്കൻ ഓഹരിസൂചികകൾ തുടർച്ചയായ നാലാം ദിവസവും താഴോട്ടുപോയതാണ് മറ്റ് ഏഷ്യൻ വിപണികളെപ്പോലെ ഇന്ത്യൻ വിപണിയെയും വലിച്ചുതാഴ്ത്തിയത്. അമേരിക്കയിൽ രണ്ടു വലിയ വിഷയങ്ങളാണ് ആശങ്ക വളർത്തുന്നത്.ഒന്ന്: അമേരിക്കയിൽ വളർച്ച കുറയുമെന്ന ധാരണ. ആഗോള വളർച്ചയും കുറയുമെന്നാണ് ഐഎംഎഫും മറ്റും മുന്നറിയിപ്പ് നല്കുന്നത്.
രണ്ട്: മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടാൻ പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പ്രവർത്തനം മുടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച യുഎസ് ഓഹരിസൂചികകൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം താണു. ഫേസ്ബുക്ക് അടക്കമുള്ള ടെക്നോളജി ഓഹരികൾക്ക് കുറേ ദിവസങ്ങളായി വലിയ തകർച്ച നേരിട്ടു.
ഇതെല്ലാം ഇന്നലെ ഇന്ത്യൻ വിപണിയെ താഴോട്ടുവലിച്ചു. സെൻസെക്സ് 1.89 ഉം നിഫ്റ്റി 1.81 ഉം ശതമാനം താണു. സെൻസെക്സ് 689.6 പോയിന്റ് താണ് 35,742.07 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 197.7 പോയിന്റ് താണ് 10,754ൽ ക്ലോസ് ചെയ്തു.ഈയാഴ്ച മൊത്തമെടുത്താൽ സെൻസെക്സിന് 527.93 ഉം നിഫ്റ്റിക്ക് 134ഉം പോയിന്റ് നഷ്ടമാണുള്ളത്.
ക്രൂഡ് ഓയിൽ വില ഇന്നലെയും താഴോട്ടു നീങ്ങി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 52 ഡോളറിനു സമീപമായി. ഒക്ടോബർ മധ്യത്തിൽ 86 ഡോളർ ഉണ്ടായിരുന്നതാണ്. അമേരിക്കൻ ക്രൂഡിനു (ഡബ്ല്യുടിഐ) വില 43 ഡോളറായി.
യുഎസ് ഉത്പാദനം വർധിപ്പിക്കുന്നതാണ് വിലയിടിവിനു വലിയ കാരണം. പ്രതിദിന ഉത്പാദനത്തിൽ 12 ലക്ഷം വീപ്പ കുറയ്ക്കാൻ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിച്ചിട്ടുണ്ടെങ്കിലും അതു നടപ്പാകുമോ എന്നതിൽ നിരീക്ഷകർക്കു സംശയമുണ്ട്. ജനുവരി ഒന്നിനാണ് ഉത്പാദനം കുറയ്ക്കൽ തുടങ്ങേണ്ടത്.
ക്രൂഡ് വില കുറഞ്ഞതിനെത്തുടർന്നു രൂപ കരുത്തു നേടിയിരുന്നു. ക്രൂഡിനു വില കുറയുന്പോൾ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി ചുരുങ്ങുമെന്ന ആശ്വാസത്തിലാണു രൂപ കയറിയത്. എന്നാൽ, ആഗോള വിഷയങ്ങൾ ഇന്ത്യയിൽനിന്നു നിക്ഷേപകരെ അകറ്റുമെന്ന ഭീതി ഇന്നലെ രൂപയെ താഴ്ത്തുകയും ഡോളറിനെ കയറ്റുകയും ചെയ്തു. ഡോളർ ഇന്നലെ 45 പൈസ നേട്ടത്തിൽ 70.15 രൂപയിലെത്തി.