മുംബൈ: മറ്റു രാജ്യങ്ങളിലെ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും താഴോട്ടുപോയി. എന്നാൽ, ക്രൂഡ് ഓയിൽ വില വീണ്ടും താണത് രൂപയെ താങ്ങിനിർത്തി. വിദേശത്തു സ്വർണവില കയറിയതിന്റെ പ്രതിഫലനം ഇവിടെയുണ്ടായി.
തലേന്ന് അമേരിക്കയിലും ഇന്നലെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഓഹരികൾക്കു തളർച്ചയായിരുന്നു. ചൈനയിലെ പ്രധാന സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 2.26 ശതമാനം താണു. തലേന്നത്തെ നാലു ശതമാനം കുതിപ്പ് ഒരു അപവാദം മാത്രമായി. ജപ്പാനിലെ നിക്കൈ സൂചിക 2.69 ശതമാനവും കൊറിയയിലെ കോസ്പി 2.56 ശതമാനവും ഹോങ്കോംഗിലെ ഹാങ്സെങ്ങ് മൂന്നു ശതമാനവും ഇടിഞ്ഞു. യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലധികം താണു.
ബിഎസ്ഇ സെൻസെക്സ് ഏഴുമാസത്തെ താഴ്ചയിലെത്തി 287.15 പോയിന്റ് (0.84 ശതമാനം) നഷ്ടത്തിൽ 33,880.25 ലാണു സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.45 പോയിന്റ് (0.96 ശതമാനം) താണ്10,146.8-ൽ അവസാനിച്ചു.
സൗദി അറേബ്യ ഖഷോഗി പ്രശ്നത്തിൽ വിഷമസന്ധിയിലായതോടെ അമേരിക്കൻ ശാസനകൾക്കു വഴിപ്പെടേണ്ട നിലയിലായി. അടുത്ത നാലിന് ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള അമേരിക്കൻ ഉപരോധം നിലവിൽ വരും. അതുവഴി ഉണ്ടാകുന്ന കുറവ് നികത്താൻ ക്രൂഡ് ഉത്പാദനം കൂട്ടുമെന്ന് സൗദി എണ്ണകാര്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു. ഇതാണു ക്രൂഡ് വില ഇന്നലെ നാലു ശതമാനം (3.2 ഡോളർ) താഴാനിടയാക്കിയത്. 76.5 ഡോളറിലേക്ക് ഒരു വീപ്പ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിന്റെ വില താണു.
സ്വർണവില ഇന്നലെ ഒരു ശതമാനത്തിലേറെ ഉയർന്നു. സ്വർണം ഒരൗൺസ് (31.1. ഗ്രാം) 1235 ഡോളറിനു മുകളിലായി, പിന്നീടുതാണു.കേരളത്തിൽ സ്വർണം പവന് 80 രൂപ കൂടി.