മുംബൈ: ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന് കന്പോളങ്ങൾ ഇന്നും താഴ്ന്നു. ബോംബെ സെൻസെക്സ് 68.28 പോയിന്റ് താഴ്ന്ന് 35,905.43ലും നിഫ്റ്റി 28.65 പോയിന്റ് താഴ്ന്ന് 10,806.65ലും വ്യാപാരം അവസാനിപ്പിച്ചു. പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് ജമ്മുകാഷ്മീരിലെ പൂഞ്ച്, നൗഷേരാ സെക്ടറുകളിൽ എത്തിയത് നിക്ഷേപകരെ വില്പനക്കാരാക്കി.
ഇന്നലെ പുലർച്ചെ 400 പോയിന്റോളം ഉയർന്നശേഷമാണ് 68.28 പോയിന്റ് താഴ്ചയോടെ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച സെൻസെക്സ് 239.67 പോയിന്റ് താഴ്ന്നിരുന്നു.
അതേസമയം, രൂപയുടെ നില വീണ്ടും പരുങ്ങലിലായി. ഡോളർവില 17 പൈസ ഉയർന്ന് 71.24 രൂപയായി. ക്രൂഡ് വില ഉയർന്നതും കന്പോളങ്ങൾ തളർന്നതും ഡോളറിന് നേട്ടമായി. ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 1.17 ശതമാനം ഉയർന്ന് 65.97 ഡോളറായി.