മുംബൈ: ഓഹരിവിപണിയിൽ ദൗർബല്യം തുടരുന്നു. ഇന്നലെ സെൻസെക്സ് 151.45 പോയിന്റും നിഫ്റ്റി 49.8 പോയിന്റും താണു. യാത്രാവാഹനങ്ങളുടെ വില്പന കുറഞ്ഞത് വാഹനക്കന്പനികളുടെ ഓഹരികൾക്കു തിരിച്ചടിയായി. ബാങ്കുകൾക്കും ഇന്നലെ മോശം ദിവസമായിരുന്നു.
രണ്ടു വ്യാപാരദിനങ്ങൾകൊണ്ട് സെൻസെക്സ് 580 പോയിന്റ് താഴോട്ടു പോയി. ബജറ്റ് കമ്മി ബജറ്റിൽ പറയുന്നതിൽ കൂടുമെന്നും സാന്പത്തിക വളർച്ച കുറയുമെന്നുമുള്ള ആശങ്ക കന്പോളത്തിൽ പരക്കെ ഉണ്ട്.
പല ബാങ്കിതര ധനകാര്യ കന്പനികളുടെയും നിലയെപ്പറ്റി കന്പോളത്തിൽ അഭ്യൂഹങ്ങളുണ്ട്. അനിൽ അംബാനി ഗ്രൂപ്പ് തുടങ്ങിയ പല വ്യവസായ ഗ്രൂപ്പുകളും തങ്ങളുടെ ഓഹരികൾ പണയം വച്ച് വലിയ തുകകൾ കടമെടുത്തിട്ടുണ്ട്.
2000-ലേറെ കന്പനികൾ ചേർന്നു 2.19 ലക്ഷം കോടി രൂപയാണ് ഇങ്ങനെ കടമെടുത്തിട്ടുള്ളത്. മ്യൂച്വൽ ഫണ്ടുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ, ബാങ്കുകൾ തുടങ്ങിയവയൊക്കെ ഇങ്ങനെ കന്പനി പ്രൊമോട്ടർമാർക്കു പണം കൊടുത്തിട്ടുണ്ട്. ഇവരിൽ നല്ല പങ്കിനും പണം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല.
ഇതിനു പുറമേയാണു ലോക്സഭാ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അനിശ്ചിതത്വം. ഏതുതരം സഖ്യമാകും ഇനി അധികാരത്തിലേറുക എന്ന ചിത്രം വ്യക്തമായിട്ടില്ല. കുറേ ആഴ്ചകൾ മുന്പു വരെ മോദി തിരിച്ചുവരും എന്നു കന്പോളം ഉറച്ചു വിശ്വസിച്ചിരുന്നു. ഇപ്പോൾ ആ വിശ്വാസം നഷ്ടമായി.