മുംബൈ: ഓഹരിസൂചികകൾ ഇന്നലെയും താഴോട്ടു നീങ്ങിയതോടെ 30 മാസത്തിനിടയിലെ ഏറ്റവും മോശം മാസമാണ് ഇന്ത്യൻ ഓഹരിവിപണി പിന്നിട്ടത്. സെപ്റ്റംബറിൽ സെൻസെക്സ് 6.26 ശതമാനം (2417.93 പോയിന്റ്) താണു. 2016 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും കടുത്ത വീഴ്ച.
ഇന്നലെ സെൻസെക്സ് 97.03 താണ് 36,227.14ൽ ക്ലോസ്ചെയ്തു. പലതവണ ചാഞ്ചാടിയ ശേഷമായിരുന്നു ഇത്. നിഫ്റ്റി 47.1 പോയിന്റ് താണു. 10,930.45ൽ അവസാനിച്ചു. ചെറിയ കന്പനികൾക്കും ഇടത്തരം കന്പനികൾക്കും ആറുശതമാനത്തിനടുത്ത് ഇടിവാണ് ഉണ്ടായത്. കന്പോളത്തിന്റെ അന്തർധാര ഭീതിയുടേതാണ്.
1500 ബാങ്കിതര ധനകാര്യ കന്പനികളുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കുമെന്ന സംസാരമുണ്ട്. വേണ്ടത്ര മൂലധനമില്ലാത്തവയാണ് ഇവ. മിക്കതും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമില്ല. യെസ് ബാങ്കിനു പിന്നാലെ ബന്ധൻ ബാങ്കിനെതിരേ നടപടി വന്നതു സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ ആശങ്ക ജനിപ്പിച്ചു.