ഓഹരി അവലോകനം/സോണിയ ഭാനു
ഐഎംഎഫിന്റെ വിശ്വാസം ഇന്ത്യൻ നിക്ഷേപകരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ലോകത്തിലെ ഏറ്റവും വേഗമേറിയ സാന്പത്തികശക്തിയായി രാജ്യം വളരുകയാണെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തൽ വിദേശ ധനകാര്യസ്ഥാപനങ്ങളെ വലിയ നിക്ഷേപകരാക്കി.
തുടർച്ചയായ എട്ടാം വാരത്തിലും മികവു കാണിച്ച് സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങളിലേക്കു സഞ്ചരിച്ചു. പ്രമുഖ സൂചികകൾ രണ്ടും ഒന്നര ശതമാനം പ്രതിവാരനേട്ടം സ്വന്തമാക്കി. ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഒൗട്ട്ലുക്കിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.
ഫ്യൂചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജനുവരി സീരിസ് സെറ്റിൽമെന്റിന്റെ പിരിമുക്കം അവസാന നിമിഷങ്ങളിൽ നിഫ്റ്റിയിൽ സമ്മർദമുളവാക്കിയെങ്കിലും നിർണായക സപ്പോർട്ട് കാത്തുസൂക്ഷിക്കുന്നതിൽ സൂചിക വിജയിച്ചു. കടന്നുപോയ വാരം നിഫ്റ്റി സൂചിക 175 പോയിന്റ് നേട്ടത്തിലാണ്.
കഴിഞ്ഞ ലക്കം സൂചിപ്പിച്ച പ്രതിരോധമായ 11,066നു നാല് പോയിന്റ് മുകളിൽ 11,070ൽ വാരാന്ത്യക്ലോസിംഗ് നടന്നു. താഴ്ന്ന റേഞ്ചായ 10,911ൽനിന്ന് മുൻ റിക്കാർഡുകൾ തകർത്ത് നിഫ്റ്റി 11,110 വരെ ഉയർന്നു. ഈ വാരം ആദ്യ പ്രതിരോധം 11,149 പോയിന്റിലാണ്. ഇതു മറികടന്നാൽ 11,229ൽ വീണ്ടും തടസം നേരിടാം. തേഡ് റെസിസ്റ്റൻസ് 11,348 പോയിന്റിലാണ്.
ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിംഗ് നടന്നാൽ 10,950-10,831ൽ സപ്പോർട്ടുണ്ട്. ഇതു നഷ്ടപ്പെട്ടൽ 10,751നു മുകളിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കും. നിഫ്റ്റിയുടെ മറ്റു സാങ്കേതികവശങ്ങളിലേക്കു തിരിഞ്ഞാൽ പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം,, ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട് മേഖലയിലാണ്.
ബോംബെ സെൻസെക്സ് 35,588 പോയിന്റിൽനിന്ന് 36,000ലെ പ്രതിരോധവും കടന്ന് 36,268 വരെ ഉയർന്ന് ചരിത്രം കുറിച്ചു. 538 പോയിന്റ് പ്രതിവാര നേട്ടവുമായി വാരാവസാനം സൂചിക 36,050ലാണ്. 35,669ലെ സപ്പോർട്ട് കാത്തുസൂക്ഷിച്ചാൽ 36,349-36,648 പോയിന്റ് ലക്ഷ്യമാക്കാം. വിപണിക്ക് അനുകൂലമായ നിർദേശം കേന്ദ്ര ബജറ്റിലുണ്ടായാൽ 37,029നെ വിപണി ലക്ഷ്യമാക്കും. സെൻസെക്സിന് ആദ്യതാങ്ങ് നഷ്ടമായാൽ 35,288-34,989ലേക്ക് സാങ്കേതിക തിരുത്തിന് ഇടയുണ്ട്.
വിദേശഫണ്ടുകൾ 4234.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രണ്ടാഴ്ചകളിൽ അവർ ഇന്ത്യയിൽ ഇറക്കിയത് 10,074.46 കോടി രൂപയാണ്. ഇതോടെ ജനുവരിയിലെ അവരുടെ മൊത്തം നിക്ഷേപം 14,540 കോടി രൂപയ്ക്കു മുകളിലാണ്. സാന്പത്തികരംഗത്തെ ഉണർവും കോർപറേറ്റ് മേഖലയിലെ ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകളുടെ തിളക്കവും ഫണ്ടുകളെ ആകർഷിച്ചു. അതേസമയം, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1452.38 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനു മുന്നിൽ 30 പൈസയുടെ തിരിച്ചുവരവ് രൂപ കാഴ്ചവച്ചു. 63.85ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ വാരാന്ത്യം 63.55ലാണ്. ബിഎസ്ഇയിൽ പോയവാരം ഇടപാടുകളുടെ വ്യാപ്തി കുറഞ്ഞ് 22,625 കോടി രൂപയിൽ ഒതുങ്ങി. എൻഎസ്ഇയിൽ 1,66,288 കോടി രൂപയുടെ വ്യാപാരം നടന്നു.
കൊറിയ, ചൈന, ഹോങ്കോംഗ് വിപണികൾ വാരാന്ത്യം തിളങ്ങി. യെന്നിന്റെ വിനിമയനിരക്കിലെ ചലനങ്ങൾ ഫണ്ടുകളെ ജപ്പാനിൽ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. യൂറോപ്യൻ ഓഹരി സൂചികകൾ ശക്തമായ നിലയിലാണ്. അമേരിക്കയിൽ റിക്കാർഡ് പ്രകടനത്തിലൂടെ ഡൗ ജോണ്സ് സൂചിക 26,616ലേക്ക് ഉയർന്നു. എസ് ആൻഡ് പി 500, നാസ്ഡാക് സൂചികകളും മികവിലാണ്.
ക്രൂഡ് ഓയിൽവില മൂന്നു വർഷത്തെ ഉയരത്തിൽ. ഡോളറിന്റെ തളർച്ചയിൽ എണ്ണവില ബാരലിന് 66.33 ഡോളറിലേക്കുയർന്നു. ഫണ്ടുകൾ മഞ്ഞലോഹത്തിലും നിക്ഷേപം നടത്തി. സ്വർണം ട്രോയ് ഒൗണ്സിന് പതിനേഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1365 ഡോളർ വരെ കയറി. ക്ലോസിംഗ് വേളയിൽ 1349 ഡോളറിലാണ്. ഈ വർഷം സ്വർണം ലക്ഷ്യമിടുന്നത് 1425 ഡോളറിനെയാണ്.