ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി സൂചികകൾ നാലാം വാരവും റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. കാലവർഷത്തിന്റെ കടന്നുവരവ് സെൻസെക്സിന്റെയും നിഫ്റ്റിയുടെയും മുന്നേറ്റത്തിനു കുട പിടിച്ചു.വിദേശ ധനകാര്യസ്ഥാപനങ്ങളുടെ നിക്ഷേപ മനോഭാവം വിപണിയുടെ അടിയൊഴുക്ക് കൂടുതൽ ശക്തമാക്കി. സെൻസെക്സ് 245 പോയിന്റും നിഫ്റ്റി 58 പോയിന്റും ഉയർന്നു. നാലാഴ്ചകളിൽ ബിഎസ്ഇ സൂചിക 1,414 പോയിന്റ് വാരിക്കൂട്ടിയപ്പോൾ നിഫ്റ്റി ഈ കാലയളവിൽ 310 പോയിന്റ് കയറി. സെൻസെക്സ് ഈ കാലയളവിൽ 4.74 ശതമാനവും നിഫ്റ്റി 3.97 ശതമാനവും വർധിച്ചു.
എഫ്എംസിജി, ഹെൽത്ത്കെയർ, ഓട്ടോമൊബൈൽ, കണ്സ്യൂമർ ഗുഡ്സ്, ബാങ്കിംഗ് വിഭാഗങ്ങളിലെ നിക്ഷേപതാത്പര്യം സൂചികയുടെ കുതിപ്പിനു വേഗം പകർന്നു. അതേസമയം ഓപ്പറേറ്റർമാർ സ്റ്റീൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി, ടെക്നോളജി, പവർ വിഭാഗങ്ങളിൽ ലാഭമെടുപ്പു നടത്തി. മുൻനിരയിലെ 30 ഓഹരികളിൽ 18 എണ്ണത്തിന്റെ നിരക്ക് കയറിയപ്പോൾ 12 ഓഹരികൾക്ക് തളർച്ച നേരിട്ടു.
മുൻനിരയിലെ പത്തു കന്പനികളിൽ അഞ്ചിന്റെയും വിപണിമൂല്യത്തിൽ 37,214 കോടി രൂപയുടെ വർധന. ഐടിസിയുടെ വിപണിമൂല്യം 12,754.75 കോടി രൂപ ഉയർന്നു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, മാരുതി സുസുകി എന്നിവയ്ക്കും നേട്ടം.വിപണി ബുള്ളിഷെങ്കിലും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ബിഎസ്ഇയിൽ 17,834.74 കോടി രൂപയുടെ വ്യാപാരം നടന്നു. തൊട്ട് മുൻവാരം ഇത് 20,043.27 കോടി രൂപയായിരുന്നു. നിഫ്റ്റിയിൽ 1,35,278.32 കോടിയുടെ ഇടപാടു നടന്നു. മുൻ വാരം ഇത് 1,39,727.20 കോടി രൂപയായിരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ കൃത്യസമയത്തുള്ള കടന്നുവരവുതന്നെയാണ് ധനകാര്യസ്ഥാപനങ്ങളുടെ നിക്ഷേപതാത്പര്യം വർധിപ്പിച്ചത്. ഈ വാരം ഗോവൻ തീരത്തേക്കു പ്രവേശിക്കുന്ന കാലവർഷം അടുത്ത ചുവടുവയ്പിൽ മഹാരാഷ്ട്രയിലേക്കു പ്രവേശിക്കുന്നതോടെ ബോംബെ ഓഹരി സൂചികയിൽ ആനന്ദനൃത്തം പ്രതീക്ഷിക്കാം.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപ 64.44ലാണ്. വിപണിയുടെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ രൂപ 63.93ലേക്കു ശക്തിപ്രാപിക്കാം. വർഷാരംഭത്തിൽ രൂപ ഡോളറിനു മുന്നിൽ 68.23ലായിരുന്നു. വിദേശനിക്ഷേപത്തിന്റെ കരുത്തിലാണ് രൂപയുടെ മികവ്.
വിദേശഫണ്ടുകൾ മേയിൽ ഏകദേശം 9,000 കോടി രൂപയുടെ നിക്ഷേപം ഓഹരിയിൽ നടത്തി. കടപ്പത്രത്തിൽ അവർ 15,000 കോടി രൂപ ഇറക്കി. വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ കഴിഞ്ഞ വാരം ഓഹരിവിപണിയിലും കടപ്പത്രത്തിലുമായി 4691.05 കോടി രൂപ ഇറക്കി. മേയിൽ മൊത്തം 7,711 കോടി രൂപ ഓഹരിയിലും 19,155 കോടി രൂപ കടപ്പത്രത്തിലും നിക്ഷേപിച്ചു. എഫ്പിഐയുടെ മേയിലെ ആകെ നിക്ഷേപം 26,866 കോടി രൂപയാണ്. ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ 94,900 കോടി രൂപയുടെ നിക്ഷേപ പ്രവാഹമുണ്ടായി. അതേസമയം ജനുവരിയിൽ അവർ 3496 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചിരുന്നു.
ആർബിഐ വാരമധ്യം വായ്പാ അവലോകനം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് യോഗം. പലിശനിരക്കിൽ മാറ്റത്തിനു സാധ്യതയില്ല. റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്.ബോംബെ സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 31,333 വരെ കയറിയ ശേഷം വാരാന്ത്യം 31,273 ലാണ്. ഈ വാരം 31,447 ൽ ആദ്യ പ്രതിരോധം മറികടന്നാൽ 31,622-31,911 വരെ ചുവടുവയ്ക്കാം.
വിപണിയുടെ താങ്ങ് 30,983-30,694 പോയിന്റിലാണ്. സ്ലോ സ്റ്റോക്കാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട്. നിഫ്റ്റി 9,563-9,673 റേഞ്ചിൽ സഞ്ചരിച്ച ശേഷം 9,653ൽ ക്ലോസിംഗ് നടന്നു. നിഫ്റ്റിക്ക് 9,696 ലും 9,739 ലും പ്രതിരോധമുണ്ട്. സൂചികയുടെ താങ്ങ് 9,586-9,519 പോയിന്റിലാണ്.