ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചികയുടെ കുതിച്ചുചാട്ടം നിക്ഷേപകരുടെ പണസഞ്ചിയുടെ വെയിറ്റേജ് ഉയർത്തി. ഓവർ ഹീറ്റായി മാറിയ വിപണിയിൽ ഓപ്പറേറ്റർമാർ ഈ വാരം ലാഭമെടുപ്പിന് നീക്കം നടത്താനുള്ള സാധ്യതകൾ ഇൻഡക്സുകളിൽ വൻ ചാഞ്ചാട്ടം ഉളവാക്കാം. സർവകാല റിക്കാർഡ് നിലവാരത്തിലേക്ക് ബാങ്ക് നിഫ്റ്റി കുതിച്ചു. ബോംബെ സെൻസെക്സും നിഫ്റ്റിയും നിഷേപകരെ വീണ്ടും ആവേശം കൊള്ളിച്ചു.
ബോംബെ ഓഹരി സൂചിക 1352 പോയിന്റ് മുന്നേറിയപ്പോൾ നിഫ്റ്റി 391 പോയിന്റ് ഉയർന്നു. രണ്ട് ഇൻഡക്സുകളും മുന്നര ശതമാനം പ്രതിവാര നേട്ടത്തിലാണ്. മാർച്ച് ആദ്യ പകുതി പിന്നിടുമ്പോൾ മൊത്തം ആറു ശതമാനം നേട്ടത്തിലാണ് സെൻസെക്സ്. കേവലം പത്തു പ്രവർത്തിദിനങ്ങളിൽ സൂചിക 2150 പോയിന്റ് ഉയർന്നു.
തുടർച്ചയായി അഞ്ച് ദിവസവും മുന്നേറ്റം നടത്തിയ സൂചിക നവംമ്പറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കി. സെൻസെക്സ് ഇപ്പോൾ സർവകാല റിക്കാർഡ് നിലവാരത്തിലേക്ക് കേവലം 965 പോയിന്റ്മാത്രം അകലെയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് അവസാനം രേഖപ്പെടുത്തിയ 38,989 പോയിന്റാണ് റിക്കാർഡ്. നിഫ്റ്റി റിക്കാർഡായ 11,760 ലേക്കുള്ള ദൂരം 334 പോയിന്റാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങളുടെ സജീവ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുചാട്ടത്തിന് ഇരട്ടി വേഗംനൽകി. വിദേശ നിക്ഷേപകസ്ഥാപനങ്ങൾ പോയവാരം 12,298 കോടി രൂപയുടെ ഓഹരികൾ വാങ്ങി. മാർച്ച് ആദ്യ പകുതിയിൽ അവർ 20,400 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കി. വിദേശഫണ്ടുകൾ ഈ വർഷം ഇതിനകം 30,000 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര നിക്ഷേപകർ പോയവാരം 7,402.30 കോടി രൂപയുടെ ഓഹരി ശേഖരിച്ചു.
വിദേശ ഫണ്ടുകളുടെ വരവിൽ ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിന് മുന്നിൽ രൂപയ്ക്ക് തിളക്കം. പോയവാരം ഏഷ്യൻ കറൻസികളിൽ ഏറ്റവും ശക്തമായ കുതിപ്പ് കാഴ്ചവയ്ക്കാൻ രൂപയ്ക്കായി. രൂപയുടെ വിനിമയ നിരക്ക് 1.52 ശതമാനം മുന്നേറ്റി.
69.99 ൽനിന്ന് രൂപ 68.93 ലേക്ക് ശക്തിപ്രാപിച്ചു. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 68.39 ലേയ്ക്കും 67.17 ലേക്കും മികവ് കാണിക്കാം. തിരിച്ചടി നേരിട്ടാൽ 70.53 ലേക്കു വീണ്ടും ദുർബലമാകാം. ബാങ്കിംഗ് ഓഹരികളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണ്.
ബാങ്ക് നിഫ്റ്റിയാണ് നിക്ഷേപകരെ ആവേശം കൊള്ളിച്ചത്. പത്ത് ശതമാനമാണ് പത്ത് ദിവസം കൊണ്ട് വാരികൂട്ടിയത്. 27,940 ൽ നിന്ന് റിക്കാർഡായ 29,520 വരെ കയറിയ ശേഷം ക്ലോസിംഗിൽ 29,381 ലാണ്. ഈവാരം 29,954 ലും 30,527 ലും തടസം നേരിടാൻ ഇടയുണ്ട്. തിരുത്തൽ സംഭവിച്ചാൽ 28,374 ൽ സപ്പോർട്ടുണ്ട്.
ബോംബെ സെൻസെക്സ് 36,897 പോയിന്റിൽ നിന്ന് 37,000 മറികടന്ന് 38,000 ലെ നിർണായക തടസവും ഭേദിച്ച് ആറ് മാസത്തെ ഉയർന്ന നിലവാരമായ 38,254 വരെ കയറിയ ശേഷം വ്യാപാരാന്ത്യം 38,024 പോയിന്റിലാണ്. നിലവിൽ സെൻസെക്സിന് 38,553 ലും 39,082 പോയിന്റിലുമാണ് പ്രതിരോധം. ലാഭമെടുപ്പ് ശക്തമായാൽ 37,196‐36,368 വരെ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം.
നിഫ്റ്റിയിലേക്ക് തിരിഞ്ഞാൽ മാർച്ച് സെറ്റിൽമെന്റിന് ഒമ്പത് പ്രവർത്തി ദിനങ്ങളാണ് ശേഷിക്കുന്നത്. മാർച്ച് ആദ്യ വാരം 171 പോയിന്റ് ഉയർന്ന നിഫ്റ്റി പിന്നിട്ടവാരം 391 പോയിന്റ് കയറി. രണ്ടാഴ്ച കൊണ്ട് 562 പോയിന്റ് വാരികൂട്ടി. തിരഞ്ഞടുപ്പിന്റെ പിരിമുറുക്കങ്ങളും ക്രൂഡ്ഓയിൽ വിലയിലെ മുന്നേറ്റവും മറികടന്നുള്ള നേട്ടമാണ് ഇന്ത്യൻ മാർക്കറ്റ് സ്വന്തമാക്കിയത്. 11,108 പോയിന്റിൽനിന്ന് ഉയർന്ന നിഫ്റ്റി 11,487 വരെ സഞ്ചരിച്ചശേഷം 11,426 ൽ വ്യാപാരം അവസാനിച്ചു.
ഇന്ന് ഇടപാടുകളുടെ ആദ്യ മണികൂറുകളിൽ തന്നെ പ്രോഫിറ്റ് ബുക്കിംഗിനുള്ള സാധ്യത തെളിയാം. സാങ്കേതികമായി വിപണി ഓവർ ഹീറ്റായതിനാൽ ലാഭമെടുപ്പ് വില്പനസമ്മർദമായും മാറാം. ഈവാരം 11,572 പോയിന്റിൽ ആദ്യ തടസമുണ്ട്. ഇത് മറികടക്കാനായാൽ 11,719 നെ ലക്ഷ്യമാക്കി സൂചിക നീങ്ങും. അനുകൂല വാർത്തകൾക്ക് റിക്കാർഡായ 11,760 ലേക്കും ഏപ്രിലിൽ 12,098 ലേക്കും നിഫ്റ്റിയെ നയിക്കാം. ശക്തമായ സാങ്കേതിക തിരുത്തൽ അനുഭവപ്പെട്ടാൽ 11,193‐10,961 ൽ സപ്പോർട്ടുണ്ട്.
നിഫ്റ്റിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിസി എന്നിവ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. എന്നാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഓവർ ബോട്ട് മേഖലയിൽ തുടരുന്നതിനാൽ തിരുത്തലിന് വിപണി ഏത് നിമിഷവും ശ്രമം നടക്കാം.
പ്രമുഖ പത്ത് കമ്പനികളുടെ വിപണിമൂല്യം 1,42,643.2 കോടി രൂപ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഉയർന്നപ്പോൾ എച്ച്യുഎൽ, ഐടിസി എന്നിവയ്ക്കു നഷ്ടം നേരിട്ടു.
ആഗോളവിപണിയിൽ ക്രൂഡ് നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലാണ്. ബാരലിന് 55.95 ഡോളറിൽനിന്ന് 58.35 ഡോളറായി. എണ്ണ വില ഓവർ ബോട്ട് പൊസിഷനിൽ നീങ്ങുന്നതിനാൽ സാങ്കേതിക തിരുത്തലുകൾക്ക് നീക്കം നടത്താം. 58.80 ഡോളറിൽ തടസംനേരിടാം.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1299 ഡോളറിൽനിന്ന് 1308 ഡോളർവരെ ഉയർന്നു.
മുൻവാരം സുചിപ്പിച്ച 1303‐1309 ലെ പ്രതിരോധം മറികടക്കാൻ ക്ലോസിംഗിൽ മഞ്ഞലോഹത്തിനായില്ല. വ്യാപാരം അവസാനിക്കുമ്പോൾ സ്വർണം 1302 ഡോളറിലാണ്.