ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചികയിൽ വീണ്ടും റിക്കാർഡ് കുതിപ്പ്. ബോംബെ സെൻസെക്സും നിഫ്റ്റിയും ഒരിക്കൽക്കൂടി തിളങ്ങിയത് ആഭ്യന്തരഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചപ്പോൾ വിദേശ ഓപ്പറേറ്റർമാർ വില്നയിൽ ഉറച്ചുനിന്നു. സെൻസെക്സ് 884 പോയിന്റും നിഫ്റ്റി 246 പോയിന്റും വർധിച്ചു. സെൻസെക്സ് 2.48 ശതമാനവും നിഫ്റ്റി 2.29 ശതമാനവും ഉയർന്നു. സെൻസെക്സിന് 36,000നു മുകളിലും നിഫ്റ്റിക്ക് 11,000നു മുകളിലും ഇടം കണ്ടെത്താനായത് ഓപ്പറേറ്റർമാർക്ക് ആവേശം പകർന്നു.
സെൻസെക്സ് 35,835ൽനിന്ന് 35,779ലേക്കു താഴ്ന്നശേഷമാണ് കുതിപ്പിനു തുടക്കംകുറിച്ചത്. മുൻനിര ഓഹരികളിൽ നിക്ഷേപതാത്പര്യം കനത്തതോടെ സൂചിക 36,000ലെ നിർണായക തടസം മറികടന്ന് 36,740 വരെ ഉയർന്നു. വ്യാപാരം അവസാനിക്കുന്പോൾ സെൻസെക്സ് 36,541 പോയിന്റിലാണ്.
വിപണിയുടെ സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ ഈ വാരം പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ സൂചിക അല്പം ക്ലേശിക്കേണ്ടതായി വരാം. 36,927ൽ ആദ്യ പ്രതിരോധമുണ്ട്. ഇതു മറികടന്നാൽ 37,314 വരെ ഉയരാമെങ്കിലും അത്തരം ഒരു മികവിനു മുന്‍പായി തന്നെ പ്രോഫിറ്റ് ബുക്കിംഗിനുള്ള നീക്കങ്ങൾ വിപണിയെ പിടിച്ചുലയ്ക്കാം. 35,966ലെ ആദ്യതാങ്ങ് നിലനിർത്താനായില്ലെങ്കിൽ 35,392 വരെ പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം.
സൂചികയുടെ മറ്റു സാങ്കേതികചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ ബുള്ളിഷാണ്. അതേസമയം, ആർഎസ്ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായത് തിരുത്തലിനുള്ള സാധ്യതകൾക്കു ശക്തിപകരും.
നിഫ്റ്റി 11,000നു മുകളിൽ ഇടം കണ്ടെത്തിയത് പ്രതീക്ഷ പകരുന്നു. 10,772 പോയിന്റിൽ ട്രേഡിംഗിന് തുടക്കം കുറിച്ച നിഫ്റ്റി ബുൾ റാലിയിൽ 11,071 വരെ കയറി. മാർക്കറ്റ് ക്ലോസിംഗിൽ 11,019ൽ നിലകൊള്ളുന്ന സൂചികയ്ക്ക് 11,124ലാണ് അടുത്ത തടസം. വിപണിയുടെ സാങ്കേതികവശങ്ങൾ പലതും ഓവർ ബോട്ടായ സാഹചര്യത്തിൽ അടുത്ത പ്രതിരോധമായ 11,229ലേക്ക് ഉയരണമെങ്കിൽ കടന്പകൾ ഏറെയാണ്. അതേസമയം തിരിച്ചടി നേരിട്ടാൽ 10,860-10,701ൽ സപ്പോർട്ടുണ്ട്.
ഓയിൽ ആൻഡ് ഗ്യാസ്, ടെക്നോളജി, കാപ്പിറ്റൽ ഗുഡ്സ്, ബാങ്കിംഗ്, കണ്‍സ്യൂമർ ഗുഡ്സ്, പവർ, റിയാലിറ്റി , ഹെൽത്ത്കെയർ ഓഹരികളിൽ നിക്ഷേപതാത്പര്യം നിറഞ്ഞുനിന്നു. അതേസമയം, സ്റ്റീൽ, ഓട്ടോമൊബൈൽ വിഭാഗങ്ങളിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പു നടത്തി.
മുൻനിരയിലെ പത്തു കന്പനികളിൽ ഒന്‍പതിന്റെയും വിപണി മൂല്യം ഉയർന്ന് 1,58,882.34 കോടി രൂപയായി. ടിസിഎസ്, ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്യുഎൽ, ഐടിസി, ഇൻഫോസിസ്, മാരുതി, എസ്ബിഐ എന്നിവയുടെ വിപണിമൂല്യം ഉയർന്നു. ഐടിസിക്ക് തിരിച്ചടി നേരിട്ടു.
വിദേശഫണ്ടുകൾ വില്പനക്കാരായി തുടരുകയാണ്. അവർ 1801.65 കോടി രൂപയുടെ ഓഹരി കഴിഞ്ഞ വാരം വിറ്റഴിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2288.08 കോടി രൂപയുടെ നിക്ഷേപം നടത്തി.
വിനിമയവിപണിയിൽ ഡോളറിന് മുന്നിൽ രൂപയ്ക്ക് 35 പൈസയുടെ നേട്ടം. വിനിമയനിരക്ക് 68.88ൽനിന്ന് 68.53ലേക്കു കയറി. ഫോറെക്സ് മാർക്കറ്റിൽ ഡോളർ സൂചികയുടെ കുതിപ്പ് തുടരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച നിലവാരമായ 112.77ലേക്ക് ജാപ്പനീസ് യെന്നിന് മുന്നിൽ ഡോളർ കരുത്ത് കാണിച്ചു.
യെന്നിനു നേരിട്ട തിരിച്ചടിക്കിടെ ഫണ്ടുകൾ ജാപ്പനീസ് മാർക്കറ്റിൽ നിക്ഷേപത്തിനു കാണിച്ച ഉത്സാഹം നിക്കീ ഓഹരി സൂചികയെ മൂന്നാഴ്ച്ചയ്ക്കിടയിലെ ഉയർന്ന റേഞ്ചിലെത്തിച്ചു. ജപ്പാനിലെ ഉണർവ് ചൈന ഒഴികെ മറ്റ് എല്ലാ ഏഷ്യൻ മാർക്കറ്റുകൾക്കും ഉൗർജം പകർന്നു.
യൂറോപ്യൻ ഓഹരി സൂചികകൾ മികവിലാണ്. അമേരിക്കയിൽ എസ് ആൻഡ് പി ഇൻഡക്സ് ഫെബ്രുവരിക്കുശേഷമുള്ള ഉയർന്ന റേഞ്ചിലാണ്. ടെക് ഓഹരികൾക്ക് മുൻതുക്കം നല്കുന്ന നാസ്ഡാക് സൂചിക റിക്കാർഡ് നിലവാരത്തിനടുത്താണ്. ഡൗ ജോണ്‍സ് സൂചികയിലും ഉണർവ് കണ്ടു.