ഓഹരി അവലോകനം / സോണിയ ഭാനു
ഉത്സവദിനങ്ങളുടെ ആലസ്യത്തിലും ഇന്ത്യൻ ഓഹരിഇൻഡക്സുകൾ മികവു നിലനിർത്തി. ഉത്സവാവധികൾ മൂലം ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങിയെങ്കിലും ദീപാവലിയും ഗുജറാത്തി പുതുവർഷമായ സംവത്ത് 2075 നിക്ഷേപകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചു. ബോംബെ സെൻസെക്സ് 147 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാരനേട്ടത്തിലാണ്.
വിദേശ ഓപ്പറേറ്റർമാർ വില്പനയിൽനിന്ന് അല്പം പിൻതിരിഞ്ഞു. കഴിഞ്ഞവാരം അവർ 157.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വർഷാന്ത്യം അടുത്തതും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും മുൻനിർത്തി വൻ ബാധ്യതകൾ ഏറ്റടുക്കാൻ അവർ താത്പര്യം കാണിക്കില്ല. ഇതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ 813.42 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞദിവസം വാങ്ങി.
ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 72.64 ലാണ്. രൂപ കരുത്തുനേടാൻ ശ്രമം നടത്തിയാൽ 72.02 വരെ നീങ്ങാം. അതേസമയം തിരിച്ചടിക്ക് ഇടയായാൽ 73.01 ൽ പ്രതിരോധമുണ്ട്.
ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യൻ മാർക്കറ്റിന് അനുകൂലമാണ്. വിനിമയവിപണിയിൽ രൂപ ശക്തി പ്രാപിക്കുന്നതു പ്രദേശിക നിക്ഷേപകരെയും ആകർഷിച്ചു. ഏപ്രിലിനുശേഷം ആദ്യമായി ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽ താഴ്ന്ന് ഇടപാടുകൾ നടന്നു.
വാരാന്ത്യം ബ്രന്റഡ് ക്രൂഡ് ബാരലിന് 69.64 ഡോളറിലാണ്. വിപണിക്കു 67.56 ഡോളറിലും 65.65 ഡോളറിലും സപ്പോർട്ടുണ്ട്. തിരിച്ചുവരവിനു ശ്രമംനടത്തിയാൽ ക്രൂഡിന് 72.90 ഡോളറിൽ പ്രതിരോധം നേരിടാം.സെപ്റ്റംബറിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കുകളും ഒക്ടോബറിലെ വ്യാവസായിക ഉത്പാദന സൂചികയിലും (ഐഐപി) ഇന്ന് പുറത്തുവരും. ഒക്ടോബറിലെ മൊത്തവില സൂചിക (ഡബ്ല്യുപിഐ) ഡാറ്റ വാരമധ്യം പുറത്തുവിടും.
ബോംബെ സെൻസക്സ് 34,827ൽനിന്ന് 35,287 വരെ മുന്നേറിയശേഷം വാരാന്ത്യം 35,158 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് ആദ്യ പ്രതിരോധം 35,354 ലാണ്. ഇതു മറികടന്നാൽ 35,550‐36,010 ലേക്ക് സെൻസെക്സ് മുന്നേറാം. അതേസമയം, തിരിച്ചടി നേരിട്ടാൽ 34,894‐34,170ൽ സപ്പോർട്ടുണ്ട്.
ഡെയ്ലി ചാർട്ടിൽ സെൻസെക്സിന്റെ ചലനങ്ങൾ നിരീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിലാണ്. പാരാബോളിക് എസ്എആർ ബുള്ളിഷാണ്. അതേസമയം ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടായി. സൂചികയുടെ 50 ഡിഎംഎ 35,939 പോയിന്റിലും 200 ഡിഎംഎ 35,418 പോയിന്റിലുമാണ്.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,483ൽനിന്ന് 10,619 വരെ കയറിയശേഷം വ്യാപാരാന്ത്യം 10,585 പോയിന്റിലാണ്. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് സൃഷ്ടിച്ച 10,578 പോയിന്റിലെ വൻമതിൽ തകർത്തത് സൂചിക മുന്നേറാനുള്ള സാധ്യതകൾക്ക് ശക്തി പകരും.
വിപണിയിൽ ഒരു അനുകൂലതരംഗം ഉടലെടുത്താൽ 11,460 റേഞ്ചിലേക്കു സഞ്ചരിക്കാൻ ക്രിസ്തുമസിന് മുൻപായി സുചിക ശ്രമം നടത്താം. നിലവിൽ 10,505 ലെ സപ്പോർട്ട് നിലനിർത്തി 10,641 ലേക്കും തുടർന്ന് 10,698 ലേക്കും നിഫ്റ്റി ചുവടുവക്കാം. ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ 10,426ൽ പിടിച്ചുനിൽക്കാം. നിഫ്റ്റിയുടെ 50 ഡിഎംഎ 10,880 പോയിന്റിലാണ്.
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റംവരുത്താതെ നിലനിർത്തിയത് ആഗോള ഓഹരിവിപണികൾക്കുമേൽ സമ്മർദമുളവാക്കി. അമേരിക്കൻ കേന്ദ്രബാങ്ക് നീക്കം ഏഷ്യൻ മാർക്കറ്റുകളെ പിരിമുറുക്കത്തിലാക്കി. ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ഓഹരി സൂചികകൾ വാരാന്ത്യം നഷ്ടത്തിലാണ്. യുറോപ്യൻ ഇൻഡക്സുകളും തളർച്ചയിലാണ്. ആഗോള സാന്പത്തികരംഗത്തെ മാന്ദ്യം തിരിച്ചടിയാവുമെന്ന സൂചനകൾ യുഎസ് മാർക്കറ്റുകളെയും തളർത്തി.
ഡോളർ മികവുകാണിച്ചത് രാജ്യാന്തരവിപണിയിൽ സ്വർണവില കുറച്ചു. സ്വർണം ട്രോയ് ഒൺസിന് 1232 ഡോളറിൽനിന്ന് 1206 വരെ ഇടിഞ്ഞശേഷം 1209 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തുന്പോൾ മഞ്ഞലോഹത്തിന് 1200 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടാൽ 1180‐1175 ഡോളറിലാണ് താങ്ങ്.