മുംബൈ: ദിവസങ്ങൾക്കുശേഷം രൂപ അല്പം കരുത്ത് കാണിച്ചു. എന്നാൽ, ഓഹരികൾ വീണ്ടും താഴോട്ടുപോയി. ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ മൂന്നു ദിവസത്തിനുശേഷമാണു നേട്ടമുണ്ടാക്കിയത്. ഡോളർവില ഇന്നലെ 61 പൈസ കുറഞ്ഞ് 72.37 രൂപയായി.
ചൊവ്വാഴ്ച 72.98 രൂപയിലായിരുന്നു ക്ലോസിംഗ്. ഇന്നലെ രാവിലെ രൂപ നല്ല നേട്ടമുണ്ടാക്കിയെങ്കിലും ഇടയ്ക്കു കുറേനേരം താഴോട്ടുപോയി. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലാണു വീണ്ടും നേട്ടമുണ്ടാക്കിയത്.
ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ കന്പോളത്തിൽ കണ്ടത്. ഓഹരി വിപണി രാവിലെ ഉയർന്നെങ്കിലും പിന്നീടു താഴോട്ടുപോയി. ബാങ്ക് ഓഹരികളാണു സൂചിക താഴ്ത്തുന്നതിൽ വലിയ പങ്ക് വഹിച്ചത്. 37531 വരെ കയറിയ സെൻസെക്സ് 37063 വരെ താണു. ഈ വലിയ ചാഞ്ചാട്ടം വിപണിക്കു ദിശാബോധം ആയിട്ടില്ലെന്നാണു കാണിക്കുന്നത്.
സെൻസെക്സ് 169.45 പോയിന്റ് താണ് 37,121.22-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 44.55 പോയിന്റ് താണ്. 11,234.35-ൽ അവസാനിച്ചു. സെൻസെക്സ് മൂന്നു ദിവസം കൊണ്ട് 969 പോയിന്റ് താണിട്ടുണ്ട്. മുഹറം പ്രമാണിച്ചു വിപണിക്ക് ഇന്ന് അവധിയാണ്.