മുംബൈ: രൂപയെ രക്ഷിക്കാൻ ജപ്പാനുമായി 7500 കോടി ഡോളറിന്റെ (അഞ്ചരലക്ഷം കോടി രൂപ) കരാർ ഇന്ത്യ ഉണ്ടാക്കിയെങ്കിലും രൂപ ഇന്നലെ താഴോട്ടു പോയി. ഡോളറിനു പൊതുവേ കരുത്തു കൂടിയതാണു കാരണം. ഡോളർ ഇന്നലെ 24 പൈസ വർധിച്ച് 73.68 രൂപയിലെത്തി.
ജപ്പാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയാണ് വച്ചുമാറ്റ (സ്വാപ്) കരാർ ഒപ്പുവച്ചത്. നിലവിൽ ജപ്പാനുമായി 5000 കോടി ഡോളറിന്റെ വച്ചുമാറ്റ കരാർ ഉണ്ട്.
ആവശ്യം വരുന്പോൾ ജാപ്പനീസ് യെന്നോ യുഎസ് ഡോളറോ ബാങ്ക് ഓഫ് ജപ്പാനിൽനിന്ന് ഇന്ത്യക്കു ലഭിക്കാനുള്ളതാണു കരാർ. പകരം രൂപ നല്കിയാൽ മതി. പിന്നീട് വിദേശ കറൻസി തിരിച്ചുകൊടുത്തു രൂപ തിരിച്ചു വാങ്ങാം. എടുത്ത പണത്തിനു പലിശ കൊടുത്താൽ മതി.
രൂപയിലെ വലിയ ചാഞ്ചാട്ടം തടയാൻ ഇതു സഹായകമാണ്. എന്നാൽ, ഈ വാർത്ത രൂപയ്ക്ക് ഇന്നലെ സഹായകമായില്ല. തുടക്കത്തിൽ തന്നെ ഡോളർ 73.61 രൂപയിലേക്കു കയറി. ഇടയ്ക്കു രൂപ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
ഓഹരി വിപണിയും ഇന്നലെ താഴോട്ടു നീങ്ങി. 176.27 പോയിന്റ് (0.25 ശതമാനം) താണ സെൻസെക്സ് 33,891.13 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 52.45 പോയിന്റ് (0.51 ശതമാനം) താണ് 10,198.4 ൽ അവസാനിച്ചു.