മുംബൈ: ആഗോള ആകുലതകളും ഇന്ത്യൻ പ്രശ്നങ്ങളും ഓഹരിക്കന്പോളത്തെ താഴോട്ടു വലിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും താണ സെൻസെക്സ് ഇപ്പോൾ 33,000 പോയിന്റിനു താഴെയായി. രൂപയുടെ വിനിയമനിരക്കും താഴുകയാണ്.
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) ബുധനാഴ്ച പലിശനിരക്ക് കൂട്ടുമെന്നതാണു വലിയ ആശങ്ക. ബുധനാഴ്ച കാൽ ശതമാനം കൂട്ടും. ഈ വർഷം പിന്നീടു മൂന്നു തവണകൂടി കാൽ ശതമാനം വീതം കൂടും. ഇതാണു കന്പോളം കണക്കാക്കുന്നത്.
ജെറോം പവ്വൽ ഫെഡ് ചെയർമാനായ ശേഷമുള്ള ആദ്യ പലിശവർധനയാകും ഇത്. അമേരിക്കൻ തൊഴിൽ വർധനയ്ക്കു വേഗം കൂടി; നാണ്യപ്പെരുപ്പം വർധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ പലിശ അടുക്കലടുക്കൽ കൂട്ടണമെന്നാകും ഫെഡ് തീരുമാനിക്കുക.
പ്രസിഡന്റ് ട്രംപിന്റെ നടപടികൾ ബജറ്റ് കമ്മിയും വിലക്കയറ്റവും വർധിപ്പിക്കുന്നവയാണെന്നു ഫെഡ് വിലയിരുത്തുന്നു.അമേരിക്ക പലിശ കൂട്ടിയാൽ അങ്ങോട്ട് മൂലധനം തിരിച്ചുപോകും. അത് ഇന്ത്യയിലെ ഓഹരികൾക്കും കടപ്പത്രങ്ങൾക്കും ക്ഷീണമാകും.
ഇതിനിടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ഡിസംബർ ത്രൈമാസത്തിൽ ജിഡിപിയുടെ രണ്ടു ശതമാനമായി. തലേ ഡിസംബറിൽ 1.4ശതമാനമായിരുന്നു. അമേരിക്ക തുടക്കമിട്ട വാണിജ്യയുദ്ധം ഇന്ത്യയുടെ കയറ്റുമതി വളർച്ച പിന്നോട്ടടിക്കാൻ കാരണമാകും. ഈ ആശങ്കകൾ രൂപയുടെ വില താഴ്ത്തി. ഡോളറിന്റെ നിരക്ക് 22 പൈസ വർധിച്ച് 65.16 രൂപയായി.
സെൻസെക്സ് ഇന്നലെ 252.88 പോയിന്റ് താണതോടെ അഞ്ചുദിവസത്തെ താഴ്ച 994.82 പോയിന്റ് ആയി. 200 ദിവസത്തെ ശരാശരിയേക്കാൾ താഴെ സെൻസെക്സും നിഫ്റ്റിയും എത്തിയത് താഴ്ച തുടരുമെന്നതിന്റെ സൂചനയായി പലരും ചൂണ്ടിക്കാട്ടി.
സെൻസെക്സ് 32,923.12-ലും നിഫ്റ്റി 10,094.25ലുമാണ് ക്ലോസ് ചെയ്തത്. ഡിസംബർ ആറിനുശേഷമുള്ള എറ്റവും താണ ക്ലോസിംഗാണിത്. ടാറ്റാ സ്റ്റീലിൽ 4.24 ശതമാനവും ഭാരതി എയൽടെലിനു 4.16 ശതമാനവും താഴ്ചയുണ്ടായി.
ലോഹഓഹരികൾക്കും പൊതുമേഖലാ ബാങ്കുകൾക്കും ടെലികോം ഓഹരികൾക്കും വലിയ തിരിച്ചടിയുണ്ടായി.സ്മോൾ കാപ് സൂചിക 1,98 ശതമാനവും മിഡ് കാപ് സൂചിക 1.58 ശതമാനവും താഴോട്ടുപോയി.