തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് ഭാര്യാ സഹോദരനെയും ബന്ധുവായ മറ്റൊരു യുവതിയേയും ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു.
വ്യാഴാഴ്ച രാത്രിയും ഇന്നലെയുമായിരുന്നു അജ്ഞാത നമ്പറിൽനിന്ന് കോളുകൾ വന്നത്. ഏതു രാജ്യത്തുനിന്നാണ് വിളിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ ചേച്ചിയുടെ മകളായ യുവതി മാസ്റ്റേഴ്സ് ഗ്രൂപ്പ് ജീവനക്കാരിയാണ്.
ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിൻ വർഗീസിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
ജേക്കബ് വഴി കോടിക്കണക്കിന് രൂപ എബിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇരുവരും എറണാകുളത്തെ ന്യൂജൻ ബാങ്കിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ്.
ജേക്കബിന്റെ ഫോണുകൾ രണ്ടുദിവസമായി ഓഫാണ്. വീട്ടിൽ പോലീസ് പരിശോധന നടത്തി.എബിൻ വർഗീസിന്റെയും (40) ഭാര്യ ശ്രീരഞ്ജിനിയുടെയും പേരിൽ ന്യൂജൻ ബാങ്കുകളിലായി നാല് അക്കൗണ്ടുകളുണ്ട്.
ഒന്നിലും കാര്യമായ ബാലൻസില്ല. ഇരുവരുടെയും വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിനും രജിസ്ട്രാർ ഒഫ് കമ്പനിക്കും കൈമാറി. ഇരുവരുടെയും പേരിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു.
• പരാതികൾ 45 ആയി
മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ തട്ടിപ്പിനിരയായെന്ന് കാണിച്ച് ഒമ്പതു പരാതികൾ ഇന്നലെയും പോലീസിന് ലഭിച്ചു. ഇതിൽ മൂന്നുകോടി രൂപ മൊത്തം നഷ്ടപ്പെട്ടു. ഇതുവരെ 45 പരാതികൾ ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഫോണിലൂടെ നിരവധി പരാതികൾ വരുന്നുണ്ട്.
രണ്ട് വീടും മൂന്നു ഫ്ളാറ്റുകളും ദമ്പതികൾക്കുണ്ടായിരുന്നു. ഇതിൽ വാഴക്കാല മൂലേപ്പാടത്തെ വീട് നിക്ഷേപകനായിരുന്ന പ്രമുഖൻ ബലമായി എഴുതിവാങ്ങി.
എൻജിഒ ക്വാർട്ടേഴ്സിന് സമീപത്തെ വീട് വിറ്റു. ഇവർ താമസിച്ചിരുന്ന ചിറ്റേത്തുകരയിലെ ഫ്ളാറ്റ് കൂടാതെ രണ്ട് ഫ്ളാറ്റുകൾകൂടി ഉണ്ടായിരുന്നു.
• വേറെയും നാല് കമ്പനികൾ
മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ കീഴിൽ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻസെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ, മാസ്റ്റേഴ്സ് ആർസിസി എന്നീ കമ്പനികൾകൂടി രജിസ്റ്റർ ചെയ്തിരുന്നു. എബിന്റെയും ഭാര്യയുടെയും പേരിലാണ് ഇവയും.