കാക്കനാട്: ഓഹരി നിക്ഷേപത്തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയ തട്ടിപ്പുകാരന്റെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങി.
മുതൽമുടക്കിയ പണം തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പുകാരൻ എബിന്റെ വാഴക്കാലായിലെ വീടും സ്ഥലവും റിട്ട. ജഡ്ജി എഴുതിവാങ്ങിയത്. ജില്ലയിലെ കിഴക്കൻ സ്വദേശിയാണ് അദ്ദേഹം.
രണ്ടുവർഷം മുമ്പാണ് റിട്ട. ജഡ്ജി ഒന്നരക്കോടിക്ക് മുകളിൽ എബിൻ വർഗീസിന്റെയും ഭാര്യ ശ്രീരഞ്ജിനിയുടെയും ഉടമസ്ഥതയിലുളള മാസ്റ്റേഴ്സ് ഗ്രൂപ്പിൽ നിക്ഷേപിച്ചത്.
ഇതിനിടെ കോടികളുടെ തട്ടിപ്പു നടത്തിയ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസും (40) ഭാര്യ ശ്രീരഞ്ജിനിയും മക്കളും വിദേശത്തേക്കു കടന്നതായി പോലീസിന് വിവരം ലഭിച്ചു.
നവംബർ 29ന് രാത്രി നെടുമ്പാശേരിയിലാണ് ഇവരുടെ അവസാനത്തെ മൊബൈൽ ടവർ ലൊക്കേഷൻ. മുംബൈ വഴി രാജ്യം വിട്ടതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
മാസ്റ്റേഴ്സ് ഗ്രൂപ്പിനെതിരേ എട്ട് പരാതികൾ കൂടി ലഭിച്ചു. മുമ്പ് ലഭിച്ച പരാതികൾ പ്രകാരം പ്രതികൾ 200 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് കരുതുന്നത്.
ഫോണിലൂടെ പരാതികൾ എത്തുന്നുണ്ടെങ്കിലും അധികം പേരും രേഖാമൂലം നൽകാൻ മടിക്കുകയാണ്. സിനിമാ താരങ്ങൾ, പ്രവാസികൾ, ഡോക്ടർമാർ തുടങ്ങിയവരാണ് കെണിയിൽപ്പെട്ടവരിൽ ഏറെയും. ഇന്നലെ വാഴക്കാലായിലുള്ള മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു.