മുംബൈ: മൂന്നു ദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം ഇന്നലെ ഇന്ത്യൻ ഓഹരികൾ തിരിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ചില കന്പനികളുടെ നല്ല റിസൽട്ടുമാണ് കന്പോളത്തെ സഹായിച്ചത്.
സെൻസെക്സ് 489.9 പോയിന്റ് (1.27 ശതമാനം) ഉയർന്ന് 39,054.68ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 150.2 പോയിന്റ് (1.3 ശതമാനം) കയറി 11,726.15 ലെത്തി. രാവിലെ ഏഷ്യൻ സൂചികകൾ താഴോട്ടുപോയതുമൂലം ഓഹരികൾ കീഴോട്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണു കുതിപ്പ് ദൃശ്യമായത്.
ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് മേയ് ആദ്യം സന്പൂർണ വിലക്ക് വരുന്നതിന്റെ പേരിലാണ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 74 ഡോളറിനു മുകളിലേക്കു കയറിയത്. എന്നാൽ അമേരിക്കയിലെ ക്രൂഡ് സ്റ്റോക്ക് നില പ്രതീക്ഷയിലും വലുതായതും സൗദി അറേബ്യ ഉത്പാദനം കൂട്ടിയേക്കുമെന്ന കണക്കുകൂട്ടലും ക്രൂഡ് വില അല്പം താഴ്ത്തി.ബാങ്കുകളുടെയും എണ്ണ-പെട്രോകെമിക്കൽ കന്പനികളുടെയും ഉയർച്ച ഓഹരിസൂചികകളെ സഹായിച്ചു.
ഉത്പാദനം കൂട്ടാൻ പദ്ധതിയില്ല: സൗദി
റിയാദ്: ഇറാനിയൻ ക്രൂഡ് വാങ്ങാൻ അമരിക്ക നല്കിയ ഇളവ് അവസാനിക്കുന്ന സാഹചര്യത്തിൽ ഉത്പാദനം കൂട്ടാൻ തത്കാലം പദ്ധതിയില്ലെന്ന് സൗദി അറിയിച്ചു. റിയാദിൽ നടന്ന ഫിനാൻസ് കോൺഫറൻസിൽ സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫലീഹ് ആണ് ഇക്കാര്യം അറിയിച്ചത്. തിടുക്കപ്പെട്ട് ഉത്പാദനം കൂട്ടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.