ഓഹരി അവലോകനം / സോണിയ ഭാനു
പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ് നിഫ്റ്റി, തുടർച്ചയായ രണ്ടാം വാരത്തിലും 11,753നെ ചുറ്റിപ്പറ്റിയാണ് സൂചിക നിലകൊണ്ടത്. മുംബൈ തെരെഞ്ഞടുപ്പു മൂലം ഇന്നും മേയ് ദിനം – മഹാരാഷ്ട്ര ദിനം എന്നിവമൂലം ബുധനാഴ്ചയും ഇന്ത്യൻ ഓഹരിവിപണികൾ അവധിയായതിനാൽ ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ നിഫ്റ്റി അകപ്പെട്ട ചട്ടക്കൂട്ടിൽനിന്ന് രക്ഷനേടാൻ വിപണിക്ക് ഈ വാരം കഴിയുമോ?
പിന്നിട്ട മൂന്നാഴ്ചയായി ഇതേ കോളത്തിൽ വ്യക്തമാക്കുന്ന 11,753 റേഞ്ചിൽനിന്ന് നിഫ്റ്റിക്ക് മോചനം നേടാനായാൽ 12,000 പോയിന്റിലേക്കുള്ള ദൂരം അകലെയല്ല. പോയവാരം 11,752 പോയിന്റിൽനിന്ന് 11,580ലേക്ക് പരീക്ഷണങ്ങൾ നടത്തിയ സൂചിക പിന്നീട് 11,790 വരെ കയറിയ ശേഷം 11,754ൽ ക്ലോസ് ചെയ്തു. വ്യാപാരാന്ത്യം ഏറെ നിർണായകമായ 11,760 ലെ സപ്പോർട്ട് നിലനിർത്താൻ നിഫ്റ്റിക്കായില്ല.
നാളെ 11,836നു മുകളിൽ ഇടം കണ്ടെത്താനായില്ലെങ്കിൽ വ്യാഴാഴ്ച സൂചിക 11,626ലെ ആദ്യ സപ്പോർട്ടിലേക്ക് പരീക്ഷണങ്ങൾക്കു മുതിരാം. 210 പോയിന്റിന് അകത്തുള്ള ഈ ടാർജറ്റിൽനിന്ന് നിഫ്റ്റിക്ക് പുറത്തുകടക്കാനായാൽ വരുന്ന വെള്ളിയാഴ്ച സൂചികയ്ക്ക് 11,918ൽ പ്രതിരോധവും 11,498ൽ താങ്ങും പ്രതീക്ഷിക്കാം. 20 ഡിഎംഎ 11,755 പോയിന്റിലും 50 ഡിഎംഎ 11,298ലുമാണ്. മാർച്ച് ആദ്യം 10,815 തുടങ്ങിയതാണ് ഈ ബുൾറാലി.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്. എംഎസിഡി ബുള്ളിഷെങ്കിലും തിരുത്തലിനു ശ്രമം നടത്താം. പാരാബോളിക് എസ്എആർ സെല്ലിംഗ് മൂഡിലാണ്. അതേസമയം വീക്ക്ലി ചാർട്ടിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബ്രോട്ട് മേഖലയിലേക്കു നീങ്ങിയത് തിരുത്തലിന് ഇടയാക്കാം.
ബോംബെ സെൻസെക്സ് 73 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. ബിഎസ്ഇ ലക്ഷ്യമിടുന്നത് 40,000 പോയിന്റിനെയാണ്. തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നതോടെ സെൻസെക്സ് ഈ റേഞ്ചിലേക്ക് ഉയരാം. അതിനു മുന്പായി നിലവിലെ 39,067ൽനിന്ന് 39,349-39,631 റേഞ്ചിലെ പ്രതിരോധങ്ങൾ തകർക്കാനുണ്ട്.
ഒറ്റക്കുതിപ്പിന് ഈ തടസങ്ങൾ ഭേദിക്കാനുള്ള ഊർജം ലഭിക്കാൻ ഇടയില്ലാത്തതിനാൽ 38,676ലെ ആദ്യ സപ്പോർട്ടിൽ സൂചിക കരുത്ത് പരീക്ഷിക്കാം. ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ 38,285 വരെയും സാങ്കേതിക പരീക്ഷണങ്ങൾ തുടരാം. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്.
വിദേശ നിക്ഷേപമാണ് ഇന്ത്യൻ മാർക്കറ്റിനെ നയിക്കുന്നത്. ഈ മാസം വിദേശ നിക്ഷേപം 17,219 കോടി രൂപയിലെത്തി. ആഭ്യന്തര ഫണ്ടുകൾ പല അവസരത്തിലും ലാഭമെടുപ്പിന് മുൻതൂക്കം നല്കി.
മുൻനിരയിലെ പത്തു കന്പനികളിൽ എട്ടെണ്ണത്തിന്റെ വിപണിമൂല്യം 54,152 കോടി രൂപ ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി എന്നിവയുടെ വിപണിമൂല്യം ഇടിഞ്ഞു. ടിസിഎസിന്റെ വിപണി മൂലധനം 34,822.13 കോടി രൂപ ഉയർന്ന് 8,39,896.27 കോടി രൂപയായി.
വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ രൂപ വീണ്ടും അടിതെറ്റി. 69.40ൽ വിനിമയം തുടങ്ങിയ രൂപ ഒരവസരത്തിൽ ആറാഴ്ചകളിൽ ആദ്യമായി 70.31ലേക്ക് ഇടിഞ്ഞ ശേഷം വ്യപാരാന്ത്യം 69.84ലാണ്. ഈവാരം 70.20-70.54 വരെ ദുർബലമാകാം. കരുത്തുനേടാൻ ശ്രമിച്ചാൽ 69.65-69.36ൽ തടസം നേരിടാം.
ക്രൂഡ് ഓയിൽ വില ഉയർന്നത് ഇന്ത്യൻ രൂപയിൽ സമ്മർദമുളവാക്കി. ഇറാനിൽനിന്നും എണ്ണ വാങ്ങുന്നതിൽനിന്ന് പിന്തിരിയണമെന്ന അമേരിക്കയുടെ സമ്മർദം ഇന്ത്യൻ രൂപയ്ക്കു തിരിച്ചടിയായി. ക്രൂഡ് ഓയിൽ വില ഉയരുന്നത് ഡോളർ ഡിമാൻഡ് ഉയർത്തുമെന്നത് രൂപയെ ബാധിക്കും. മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ 14,050 കോടി ഡോളറായിരുന്നു. തൊട്ടു മുൻ വർഷം ഇത് 10,800 കോടി ഡോളറായിരുന്നു.
ഏഷ്യൻ ഓഹരി വിപണികൾ പലതും നഷ്ടത്തിലാണ്. ജപ്പാൻ, കൊറിയ, ചൈനീസ് മാർക്കറ്റുകൾക്ക് തിരിച്ചടിനേരിട്ടു. അതേസമയം യൂറോപ്യൻ സൂചികകൾ പലതും വാരാന്ത്യം മികവിലാണ്. ജിഡിപി വളർച്ചയും കയറ്റുമതി രംഗത്തെ ഉണർവും അമേരിക്കൻ ഓഹരി സൂചികകൾക്ക് തിളക്കം പകർന്നു. എസ് ആൻഡ് പി 500 സൂചികയും നാസ്ഡാക് സൂചികയും റിക്കാർഡ് നിലവാരത്തിലേക്ക് ഉയർന്നു. ഡൗ ജോൺസ് സൂചിക റിക്കാർഡ് നിലവാരത്തിന് അടുത്താണ്.
രാജ്യാന്തര മാർക്കറ്റിൽ സ്വർണവില ഉയർന്നു. ട്രോയ് ഔൺസിന് 1275 ഡോളറിൽനിന്ന് 1289 ഡോളർ വരെ ഉയർന്ന മഞ്ഞലോഹം വാരാന്ത്യം 1285 ഡോളറിലാണ്. 1299 ഡോളറിലും 1313 ഡോളറിലും തടസം നേരിടാം. വില്പന സമ്മർദമുണ്ടായാൽ 1259 ഡോളർ വരെ താഴാം.