ന്യൂഡൽഹി: രാജ്യത്തെ സാന്പത്തിക വളർച്ചത്തോതിൽ വലിയ ഇടിവ്. മാർച്ച് 31നവസാനിക്കുന്ന വർഷം ഏഴു ശതമാനം ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയേ ഉണ്ടാകൂ എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) അറിയിച്ചു. 7.2 ശതമാനം വളരും എന്നാണു കഴിഞ്ഞ മാസം സിഎസ്ഒ തന്നെ കണക്കാക്കിയത്.
ഡിസംബറിലവസാനിച്ച മൂന്നു മാസത്തെ വളർച്ച വെറും 6.6 ശതമാനം മാത്രമാകുമെന്നും സിഎസ്ഒ അറിയിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഇതേ ത്രൈമാസത്തിൽ 7.7 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. ഇപ്പോൾ അഞ്ചു ത്രൈമാസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലായി വളർച്ച.
2018-19 വർഷത്തെ ആദ്യ രണ്ടു ത്രൈമാസങ്ങളിലെ വളർച്ചക്കണക്കും തിരുത്തി. ഒന്നാം ത്രൈമാസത്തിൽ 8.2 ശതമാനം വളർന്നു എന്ന കണക്ക് എട്ടു ശതമാനം എന്നാക്കി. രണ്ടാം ത്രൈമാസത്തിലെ 7.1 ശതമാനം ഏഴായി കുറച്ചു.
കാർഷികമേഖലയിലെ വളർച്ച കുത്തനെ ഇടിഞ്ഞു. 4.6 ശതമാനത്തിൽനിന്ന് 2.7 ശതമാനത്തിലേക്ക്.ഫാക്ടറി ഉത്പാദന വളർച്ച 8.6 ശതമാനത്തിൽനിന്ന് 6.7 ശതമാനത്തിലേക്കു താണു. ഖനനമേഖലയുടെ വളർച്ച 4.5ൽനിന്ന് 1.3 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.
ചൈനയുടെ 6.4 ശതമാനത്തേക്കാൾ കൂടുതലാണ് വളർച്ച എന്നതല്ലാതെ സന്തോഷകരമായ ഘടകങ്ങൾ ഒന്നും പുതിയ കണക്കിൽ ഇല്ല. ജിഡിപി കണക്കാക്കുന്ന രീതി മാറ്റിയതു മുതൽ സിഎസ്ഒയുടെ കണക്കുകളെപ്പറ്റി പരക്കെ സംശയമുണ്ട്. വളർച്ചത്തോത് കൃത്രിമമായി ഉയർത്തിക്കാണിക്കുകയാണെന്നായിരുന്നു ആക്ഷേപം.
ഇത്രയും വളർച്ച ഉണ്ടെങ്കിൽ കാണേണ്ട തൊഴിൽ വളർച്ച രാജ്യത്തില്ലാത്തതാണു സംശയത്തിനു കാരണം. പുതിയ കണക്കെഴുത്തു രീതിയിൽ യഥാർഥത്തിലുള്ളതിലും രണ്ടു ശതമാനത്തിലേറെ അധിക വളർച്ച കാണുന്നതായി പലരും കുറ്റപ്പെടുത്തിയിരുന്നു. അതു ശരിവയ്ക്കുന്നതാണു പുതിയ കണക്കിലെ തിരുത്തൽ.
ഇതിനിടെ ജനുവരിയിൽ കാതൽ മേഖലയിലെ വ്യവസായ വളർച്ച 19 മാസത്തിനിടയിലെ ഏറ്റവും താണനിലയിലായി. 1.8 ശതമാനം മാത്രമാണു വളർച്ച. ക്രൂഡ് ഓയിൽ ഉത്പാദനം നാലു ശതമാനവും റിഫൈനി ഉത്പാദനം 2.6 ശതമാനവും വൈദ്യുതി ഉത്പാദനം 0.6 ശതമാനവും കുറഞ്ഞു. കൽക്കരി, സിമന്റ് മേഖലകളുടെ വളർച്ചത്തോതു പകുതിയിൽ താഴെയായി.