ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരിവിപണി ഒരിക്കൽകൂടി റിക്കാർഡ് തിളക്കം കാഴ്ചവച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപത്തിന് ഉത്സാഹിച്ചത് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളെയും പ്രദേശിക നിക്ഷേപകരെയും ആകർഷിച്ചു. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകളുടെ തിളക്കവും വിപണിക്ക് കരുത്തായി.
സെൻസെക്സ് റിക്കാർഡ് പ്രകടനത്തിലൂടെ 32,132 പോയിന്റ് വരെ മുന്നേറിയെങ്കിലും ഈ അവസരത്തിലെ പ്രോഫിറ്റ് ബുക്കിംഗ് സൂചികയെ തളർത്തി. പോയവാരം വ്യക്തമാക്കിയിരുന്ന 31,624 പോയിന്റിലെ സപ്പോർട്ട് രണ്ട് പോയിന്റ് വ്യത്യാസത്തിൽ നിലനിർത്തി 31,626 വരെ ഇടിഞ്ഞശേഷം വിപണി തിരിച്ചുവരവിൽ 32,029 പോയിന്റിലാണ്.
ഈ വാരം സൂചികയ്ക്ക് പ്രതിരോധം 32,232-32,435ലാണ്. വാരത്തിന്റെ ആദ്യപകുതിയിൽതന്നെ ഈ തടസം ദേഭിച്ചാൽ 32,738 പോയിന്റിനെ വിപണി ലക്ഷ്യമാക്കും. തളർച്ച നേരിട്ടാൽ 31,726ൽ പിടിച്ചുനിൽക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ 31,423-31,220 വരെ തിരുത്തൽ തുടരാം. സാങ്കേതികമായി വീക്ഷിച്ചാൽ വിപണിയുടെ പ്രതിദിന, പ്രതിവാര ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടാണ്. പാരാബോളിക് എസ്എആർ ബുള്ളിഷും.
നിഫ്റ്റി സൂചിക 29 പോയിന്റ് വർധിച്ചു. ഉയർന്ന നിലവാരമായ 9,928ൽനിന്ന് സൂചിക 9,792ലേക്ക് ഇടിഞ്ഞെങ്കിലും കഴിഞ്ഞ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 9,884ലെ സപ്പോർട്ട് നിഫ്റ്റി നിലനിർത്തി. വാരാന്ത്യം സൂചിക 9,915ലാണ്. ഡെറിവേറ്റീവ് മാർക്കറ്റിൽ ഈ വാരം ജൂലൈ സീരീസ് സെറ്റിൽമെന്റാണ്. ഷോട്ട് കവറിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ 10,000 പോയിന്റിലേക്ക് നിഫ്റ്റി ഈ വാരം സഞ്ചരിക്കും. 9,964 ലെ സാങ്കേതിക തടസം കടന്നാൽ 10,014-10,100ലേക്ക് സൂചിക കുതിക്കാം. തളർച്ചനേരിട്ടാൽ താങ്ങ് 9,828-9,742ലാണ്. നിഫ്റ്റി സൂചിക അതിന്റെ 100, 200 ദിവസങ്ങളിലെ ശരാശരിയേക്കാൾ മുകളിലുമാണ്.
ഐടി, ബാങ്കിംഗ്, സ്റ്റീൽ, ഓയിൽ ആൻഡ് ഗ്യാസ്, ഹെൽത്ത് കെയർ വിഭാഗങ്ങൾ മികവു കാണിച്ചപ്പോൾ എഫ്എംസിജി ഓഹരികൾക്ക് തളർച്ച. മുൻനിരയിലെ 31 ഓഹരികളിൽ 23 എണ്ണത്തിന്റെ നിരക്കുയർന്നപ്പോൾ എട്ട് ഓഹരികളുടെ നിരക്ക് താഴ്ന്നു. ആർഐഎൽ ഓഹരിവില 2008 ജനുവരിക്കു ശേഷമുള്ള എറ്റവും ഉയർന്ന നിലയിലാണ്.
മുൻനിരയിലെ പത്തു കന്പനികളിൽ നാലു കന്പനികളുടെ വിപണിമൂല്യത്തിൽ 61,931 കോടി രൂപയുടെ ഇടിവ്. ഐടിസിയുടെ വിപണിമൂല്യത്തിൽ 58,902.54 കോടി രൂപയുടെ ഇടിവ്. ജിഎസ്ടി കൗണ്‍സിൽ സിഗരറ്റിന്റെ നികുതിയിൽ വരുത്തിയ വർധനയാണ് കന്പനിക്കു തിരിച്ചടിയായത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ഒഎൻജിസി എന്നിവയുടെ വിപണിമൂല്യം കുറഞ്ഞു.
ഫോറെക്സ് മാർക്കറ്റിൽ രണ്ടാം വാരത്തിലും യുഎസ് ഡോളറിനു മുന്നിൽ രൂപ ശക്തിപ്രാപിച്ചു. 64.43ൽനിന്ന് വിനിമയനിരക്ക് 64.32ലേക്കു നീങ്ങി. രണ്ടാഴ്ചകൊണ്ട് 28 പൈസ മെച്ചപ്പെട്ടു. ഈ വാരം രൂപ 64.24ലേക്ക് ശക്തി പ്രാപിക്കാം. തളർച്ച നേരിട്ടാൽ നിരക്ക് 64.44ലേക്കും അവിടെനിന്ന് 64.56ലേക്കും നീങ്ങാം. ഈ വർഷം ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് 5.42 ശതമാനം വർധിച്ചു.വിദേശ ഫണ്ടുകൾ 872 കോടി ഡോളർ ഓഹരിവിപണിയിലും 1,661 കോടി ഡോളർ കടപത്രത്തിലും കഴിഞ്ഞ വാരം നിക്ഷേപിച്ചു.
ഡോളറിനു മുന്നിൽ യൂറോയുടെ മികവ് ഏഷ്യയിലെ പല വിപണികളെയും തളർത്തി. യൂറോപ്യൻ മാർക്കറ്റുകളും വില്പനസമ്മർദത്തെ അഭിമുഖീകരിച്ചു. ഡോളറിനു മുന്നിൽ രണ്ടു വർഷത്തിനിടയിലെ മികച്ച നിലവാരത്തിലാണ് യൂറോ. യുഎസ് മാർക്കറ്റുകളായ ഡൗ ജോണ്‍സ്, നാസ്ഡാകസ്, എസ് ആൻഡ് പി ഇൻഡക്സുകളും താഴ്ന്നു.