ഓഹരി അവലോകനം/ സോണിയ ഭാനു
തകർപ്പൻ പ്രകടനങ്ങൾ പുതുവർഷത്തിലും ഇന്ത്യൻ ഓഹരിവിപണി ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിക്ഷേപലോകം. 2017നോടു വിടചൊല്ലുന്പോൾ സെൻസെക്സ് 7,690 പോയിന്റും നിഫ്റ്റി 2,427 പോയിന്റും നേട്ടം കൈവരിച്ചപ്പോൾ ബിഎസ്ഇ മിഡ് കാപ് സൂചിക 5,917 പോയിന്റാണ് ഒറ്റ വർഷം വാരിക്കൂട്ടിയത്. പ്രമുഖ സൂചികകൾ 29 മുതൽ 49 ശതമാനം വരെ ഉയർന്നത് ഫണ്ടുകളെ മാത്രമല്ല, പ്രദേശികനിക്ഷേപകരെയും വിപണിയിലേക്ക് അടുപ്പിച്ചു.
ബോംബെ സെൻസെക്സ് 34,000 പോയിന്റിൽ എത്തിനിൽക്കുകയാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ സെൻസെക്സ് 38,000-43,000 റേഞ്ചിലേക്ക് മുന്നിലുള്ള മാസങ്ങളിൽ ചുവടുവയ്ക്കാം. നിഫ്റ്റി ഉറ്റുനോക്കുന്നത് 12,000-13,000 റേഞ്ചിലേക്കാണ്. ഓഹരിവിപണിയിലെ തിളക്കം പോയ വർഷം രൂപയുടെ മൂല്യം ഉയർത്തി. ജനുവരിയിൽ 68.35ൽ നിലകൊണ്ട വിനിമയനിരക്ക് ഇപ്പോൾ 63.84ലാണ്.
ഓഗസ്റ്റിൽ 63.55 വരെ രൂപ മികവു കാണിച്ചിരുന്നു. പിന്നിട്ട വർഷം ഏകദേശം 400 പൈസയാണ് ഉയർന്നത്. അതായത്, 5.96 ശതമാനം നേട്ടം. കഴിഞ്ഞ പത്തു വർഷങ്ങളിലെ രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഇത്ര ശക്തമായ നേട്ടം ആദ്യമാണ്. പുതുവർഷത്തിലും രൂപ ശ്രദ്ധിക്കപ്പെടാം.
പോയ വാരം വിദേശഫണ്ടുകൾ 3,148 കോടി രൂപ നിക്ഷേപിച്ചു. വിപണിയിൽ പിന്നിട്ട വർഷം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എച്ച്ഇജി ഓഹരിയാണ്. ഓഹരിയുടെ മൂല്യം 1,455 ശതമാനമാണ് ഉയർന്നത്. ഇന്ത്യാ ബുൾ ഓഹരിവില 1,192 ശതമാനവും വർധിച്ചു.
പോയ വാരം മുൻനിരയിലെ 31 ഓഹരികളിൽ 19 എണ്ണത്തിന്റെ നിരക്കു കയറിയപ്പോൾ 11 ഓഹരികൾക്കു തളർച്ച.
ബിഎസ്ഇയിൽ പിന്നിട്ടവാരം 21,021.39 കോടി രൂപയുടെയും എൻഎസ്ഇയിൽ 1,37,358.30 കോടി രൂപയുടെയും ഇടപാടുകൾ നടന്നു. തൊട്ടു മുൻവാരം ഇത് 26,746 കോടി രൂപയും 1,61,033 കോടി രൂപയുമായിരുന്നു.
സെൻസെക്സ് താഴ്ന്ന റേഞ്ചായ 33,817ൽനിന്ന് 34,000 ലെ പ്രതിരോധം കടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 34,137ലെത്തി. വാരാന്ത്യം സൂചിക 34,056ലാണ്. വിപണിക്ക് ഈ വാരം 34,189ൽ പ്രതിരോധം നേരിടാം. ഇതു മറികടന്നാൽ 34,323-34,509 പോയിന്റ് ലക്ഷ്യമാക്കി മുന്നേറാം. ലാഭമെടുപ്പു നടന്നാൽ 33,869ൽ ആദ്യ താങ്ങുണ്ട്. ഇതു നഷ്ടപ്പെട്ടാൽ 33,683-33,549ലേക്ക് പരീക്ഷണങ്ങൾ നടക്കാം. സെൻസെക്സിന്റെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി, ആർഎസ്ഐ എന്നിവ ബുള്ളിഷ് ട്രൻഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ട് മേഖലയിൽ നീങ്ങുന്നത് തിരുത്തലിനുള്ള സാധ്യതകൾക്കു ശക്തിപകരാം.
നിഫ്റ്റി 10,468ൽനിന്നുള്ള കുതിപ്പിൽ റിക്കാർഡ് ആയ 10,552 വരെ കയറി. വാരാന്ത്യം സൂചിക 10,530ലാണ്. ഈ വാരം 10,481ലെ ആദ്യ സപ്പോർട്ട് നിലനിർത്താനായാൽ 10,565ലേക്കും തുടർന്ന് 10,600ലേക്കും സൂചിക ഉയരാം. ആദ്യതാങ്ങ് നഷ്ടപ്പെട്ടാൽ 10,432ലേക്കും 10,397ലേക്കും സൂചിക താഴാം.
ഏഷ്യൻ ഓഹരി ഇൻഡക്സുകൾ വർഷാന്ത്യ ട്രേഡിംഗ് ദിനത്തിൽ ചാഞ്ചാടി. ജപ്പാനിൽ നിക്കൈ സൂചിക തളർന്നപ്പോൾ ചൈനയിൽ ഷാങ്ഹായും ഹോങ്കോംഗിൽ ഹാൻസെങ് സൂചികയും മികവു കാണിച്ചു. ക്രൂഡ് ഓയിൽവില ഉയർന്നത് യൂറോപ്യൻ മാർക്കറ്റുകളെ സമ്മർദത്തിലാക്കിയെങ്കിലും ലണ്ടനിൽ എഫ്ടിഎസ്ഇ സൂചിക റിക്കാർഡ് നിലവാരത്തിലേക്ക് ഉയർന്നു. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി സൂചികകൾ തളർച്ചയിലാണ്.