ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി ഇൻഡക്സുകൾ തിളക്കമാർന്ന പ്രകടനം തുടരുകയാണ്. ആഭ്യന്തര നിക്ഷേപകർ വിപണിക്കു പിൻതുണ നൽകിയത് മുന്നേറ്റത്തിന് താങ്ങ് പകർന്നു. ബോംബെ സെൻസെക്സ് 78 പോയിന്റും നിഫ്റ്റി 41 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
11,429 പോയിന്റിൽ ഇടപാടുകൾക്കുതുടക്കംകുറിച്ച നിഫ്റ്റിക്ക് പക്ഷേ മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച 11,489 ലെ തടസം മറികടക്കാനായില്ല. സൂചിക 11,486 വരെയേ ഉയർന്നുള്ളൂ. ഈ പ്രതിരോധം നൽകുന്ന സൂചന കണക്കിലെടുത്താൽ ഈ വാരം 11,346 പോയിന്റ് നിർണായകമാവും.
ഇതു നിലനിർത്താനായാൽ 11,521 ലേക്കും തുടർന്ന് 11,572 ലേക്കും മുന്നേറാം. ഈ രണ്ടു തടസവും ഭേദിക്കാനായാൽ സൂചിക 11,709 നെ ലക്ഷ്യമാക്കും. എന്നാൽ ലാഭമെടുപ്പിനുള്ള നീക്കങ്ങൾ വിപണിയിൽ അരങ്ങേറിയാൽ 11,384ലും 11,298ലും സപ്പോർട്ടുണ്ട്. വിപണിയുടെ 50 ഡിഎംഎ 11,015 പോയിന്റിലാണ്.
സൂചികയുടെ മറ്റു സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ ബുള്ളിഷാണ്. അതേസമയം, എംഎസിഡി റിവേഴ്സ് സിഗ്നലിലേക്കു തിരിയാനുള്ള നീക്കത്തിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഓവർ ബോട്ടായി തുടരുന്നു. എന്നാൽ, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14 വൻ കുതിപ്പിനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ബോംബെ സെൻസെക്സ് താഴ്ന്ന നിലവാരമായ 37,588 ൽനിന്ന് 38,027 വരെ കയറിയെങ്കിലും മുൻവാരം വ്യക്തമാക്കിയിരുന്ന 38,101 ലേക്കു പ്രവേശിക്കാനാവശ്യമായ കുരുത്ത് കണ്ടെത്താനായില്ല. ഇതോടെ ഓപ്പറേറ്റർമാർ പ്രോഫിറ്റ് ബുക്കിംഗിന് നീക്കം നടത്തിയതു മൂലം വാരാന്ത്യം സൂചിക 37,948 പോയിന്റിലാണ്. സെൻസെക്സിന് ഈവാരം ആദ്യതടസം 38,120 ലാണ്. സെക്കൻഡ് റെസിസ്റ്റൻസ് 38,298 പോയിന്റിലും ഈ പ്രതിരോധങ്ങൾ തകർക്കാനായാൽ 38,732 വരെ ഉയരാം. സെൻസെക്സിന്റെ താങ്ങ് 37,68137,415 പോയിന്റിലാണ്.
ഫാർമസ്യുട്ടിക്കൽ, ടെക്നോളജി, എഫ്എംസിജി, റിയാലിറ്റി വിഭാഗങ്ങളിൽ നിക്ഷേപ താത്പര്യം ദൃശ്യമായി. അതേസമയം സ്റ്റീൽ വിഭാഗങ്ങളുടെ തിളക്കം കുറഞ്ഞു. വിദേശനിക്ഷേപക സ്ഥാപനങ്ങൾ 2028.47 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞവാരം വിറ്റഴിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 893.4 കോടി രൂപയുടെ ബാധ്യതകൾ വിറ്റുമാറി.
വിദേശ ഫണ്ടുകൾ നടത്തിയ വിൽപ്പനയ്ക്കിടയിൽ ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ രൂപയും ആടി യുലഞ്ഞു. ഫോറെക്സ് മാർക്കറ്റിൽ രൂപ 68.61 ൽനിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 70.40 ലേക്കു പതിച്ച ശേഷം വാരാന്ത്യം രൂപ 69.86 ലാണ്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില അല്പം കുറഞ്ഞാൽ രൂപയുടെ മൂല്യം 69-68 റേഞ്ചിലേക്ക് ശക്തിപാപ്രിക്കാൻ ശ്രമം നടത്താം.
ഏപ്രിലിനുശേഷം വിദേശ നാണയ കരുതൽ ശേഖരത്തിൽ 2514.7 കോടി ഡോളറിന്റെ ഇടിവ് സംഭവിച്ചു. ഏപ്രിലിൽ റിക്കാർഡായ 42,602 കോടിയിൽ എത്തിയ കരുതൽ ശേഖരം ഓഗസ്റ്റ് പത്തിന് 40,088 കോടി ഡോളറിലേക്ക് ഇടിഞ്ഞു. ജനുവരിക്കുശേഷം ഡോളറിന് മുന്നിൽ രൂപയുടെ മൂല്യത്തിൽ ഒന്പത് ശതമാനം ഇടിവ് സംഭവിച്ചു.
തുർക്കിയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെത്തുടർന്ന് വിനിമയ വിപണിയിൽ പ്രമുഖ കറൻസികൾ പിരിമുറുക്കമുളവാക്കി. ഡോളറിനു മുന്നിൽ തുർക്കി നാണയമായ ലീരയുടെ മൂല്യം 7.24 ലേക്ക് ഇടിഞ്ഞു. യൂറോയും പൗണ്ടും റഷ്യൻ റൂബിളുമെല്ലാം ആടിയുലഞ്ഞത് ഡോളറിനെ കൂടുതൽ ശക്തമാക്കി.
ഫണ്ടുകളുടെ നിക്ഷേപങ്ങൾ ഡോളറിലേക്കു തിരിക്കാൻ ഉത്സാഹിച്ചത് മഞ്ഞലോഹവിപണിയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചു. കഴിഞ്ഞവാരം സൂചിപ്പിച്ചപോലെ 1211 ഡോളറിൽനിന്ന് സ്വർണം 1180 ഡോളറിലേക്ക് ഇടിഞ്ഞു. പിന്നിട്ടവാരം സ്വർണവിലയിൽ മൂന്ന് ശതമാനം ചാഞ്ചാട്ടം അനുഭവപ്പെട്ടു. ആഗോളവിപണിയിൽ തുടർച്ചയായ ഏഴാം വാരത്തിലും ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ന്യൂയോർക്കിൽ എണ്ണവില ബാരലിന് 65.92 ഡോളറിലാണ്.