ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരിവിപണി ഒരിക്കൽകൂടി സാങ്കേതിക തിരുത്തലിലേക്ക് പ്രവേശിച്ചു. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ ജൂണ് സീരീസ് സെറ്റിൽമെന്റ് സൃഷ്ടിച്ച സമ്മർദം ഓപ്പറേറ്റർമാരെ അല്പം പിരിമുറുക്കത്തിലാക്കി. മുൻവാരം സൂചിപ്പിച്ച 9,527 പോയിന്റിലെ സ്പ്പോർട്ട് നഷ്ടപ്പെട്ട നിഫ്റ്റി വാരാന്ത്യം 9520ലാണ്. ഇതോടെ വിപണി ഈ വർഷം ആദ്യമായി പ്രതിമാസ നഷ്ടത്തിലായി. ജനുവരി-മേയ് കാലയളവിൽ 16 ശതമാനം കുതിച്ചുചാട്ടം കാഴ്ചവച്ച ശേഷമാണ് ജൂണിൽ തളർന്നത്. ബുള്ളിഷെങ്കിലും നിക്ഷേപകർ കരുതലോടെ ചുവടുവയ്ക്കുമെന്ന സൂചന ജൂണ് ആദ്യം മുതൽ ഇതേ കോളത്തിൽ നല്കിയിരുന്നു .
ജൂലൈ സീരീസിന്റെ ആദ്യദിനം വിപണിയെ ആവേശം കൊള്ളിച്ചെങ്കിലൂം ഹൃസ്വകാലയളവിൽ തിരുത്തൽ ആവർത്തിക്കാനാണ് സാധ്യത. അതേസമയം സാന്പത്തികരംഗത്തെ പരിഷ്കാരങ്ങൾക്ക് വേഗം വർധിച്ചാൽ വീണ്ടും ബുൾ തരംഗം ഉടലെടുക്കാം. മുൻവാരം സൂചിപ്പിച്ചതാണ് നിഫ്റ്റി 10,000 പോയിന്റിനെയും സെൻസെക്സ് 32,500നെയും ഉറ്റുനോക്കുകയാണെത്.
വാരമധ്യത്തിനുശേഷം വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് വിപണിയിലെ വൻതോക്കുകളിൽ നടത്തിയ സർവേയിൽ നിഫ്റ്റി 10,000 പോയിന്റിലേക്കും സെൻസെക്സ് 33,000ലേക്കും വർഷാന്ത്യത്തിനു മുന്പായി ഉയരുമെന്നു വ്യക്തമായി. പണപ്രവാഹം 2018ൽ നിഫ്റ്റിയെ 11,000ലേക്കും എത്തിക്കുമൊണ് അവരുടെ വിലയിരുത്തൽ.
ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച നടന്ന സെറ്റിൽമെന്റ് മുൻനിർത്തി കരുതലോടെയാണ് ഓപ്പറേറ്റർമാർ നീങ്ങിയത്. വാരമധ്യം സൂചിക 9,565 വരെ കയറിയെങ്കിലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാനാവാതെ മുൻ വാരം സുചിപ്പിച്ച സപ്പോർട്ടായ 9,527 പോയിന്റും തകർത്ത് 9,520ൽ ക്ലോസ് ചെയ്തു. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ ഈ വാരം 9,457ലെ ആദ്യ സപ്പോർട്ടിലേക്ക് പരീക്ഷണങ്ങൾക്കു മുതിരാമെങ്കിലും അനുകൂല വാർത്തകൾക്ക് സൂചികയെ 9,574ലേക്ക് ഉയർത്താനാവും.
ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 9,394 -9,340നെ ലക്ഷ്യമാക്കി തിരുത്തൽ തുടരാം. വാരത്തിന്റെ രണ്ടാം പകുതിയിൽ ആദ്യ പ്രതിരോധം മറികടന്നാൽ നിഫ്റ്റി 9628-9691 നെ ലക്ഷ്യമാക്കാം. നിഫ്റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ പാരാബോളിക്ക് എസ്എആർ സെല്ലിംഗിലേക്ക് തിരിഞ്ഞു. സ്ലോ സ്റ്റോക്കാസ്റ്റിക് ഓവർ സോൾഡും, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് മികവിനുള്ള ശ്രമത്തിലുമാണ്. അതേസമയം എംഎസിഡി ദുർബലാവസ്ഥയിലേക്ക് നീങ്ങുകയാണ്.
ബോംബെ സെൻസെക്സ് 30,692-31,068 റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാന്ത്യം 216 പോയിന്റ് പ്രതിവാര നഷ്ടത്തിൽ 30,921 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് 31,099ൽ ആദ്യ പ്രതിരോധമുണ്ട്. ഈ റേഞ്ചിലേക്ക് അടുക്കാനായില്ലെങ്കിൽ 30,712-30,503ലേക്ക് സാങ്കേതിക തിരുത്തൽ നടത്താം. ഈ താങ്ങ് നിലനിർത്താൻ ക്ലേശിച്ചാൽ സൂചിക 30,325 വരെ താഴാം. അതേസമയം ആദ്യ പ്രതിരോധം മറികടാൽ അടുത്ത ലക്ഷ്യം 31,277-31,486ലേക്കാവും.
മുൻനിരയിലെ പത്ത് കന്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണിമൂല്യം ഇടിഞ്ഞു. മൊത്തം 48,433,79 കോടി രൂപയുടെ വിപണിമൂല്യമാണ് ഇല്ലാതായത്. ആർഐഎൽന്റെ വിപണിമൂല്യത്തിൽ 17,802.33 കോടിയുടെ കുറവ്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്യുഎൽ, എസ്ബിഐ തുടങ്ങിയവയ്ക്ക് കുടുതൽ നഷ്ടം നേരിട്ടു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ട വാരം 1770.34 കോടി രൂപയുടെ വില്പന നടത്തി. വാരത്തിന്റെ രണ്ടാം പകുതിയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 1964.91 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ജൂണിൽ 29,302 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചു. മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിക്ഷേപമാണ്. മാർച്ചിൽ അവർ 56,261 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഫെബ്രുവരി-മേയ് കാലയളവിലെ നിക്ഷേപം 1.33 ലക്ഷം കോടി രൂപയിലെത്തി. ഓഹരിവിപണിയിലും കടപത്രത്തിലുമായി ഈ വർഷം ഇതിനകം അവർ ഇറക്കിയത് 1.47 ലക്ഷം കോടി രൂപയാണ്. ഫോറെക്സ് മാർക്കറ്റിൽ ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് അല്പം കുറഞ്ഞ് 64.53നിന്ന് 64.61ലേക്ക് നീങ്ങി.
ഏഷ്യയിൽ ചൈനീസ് സൂചിക ഷാങ്ഹായിൽ മാത്രമേ വാരാന്ത്യം മികവ് ദൃശ്യമായുള്ളൂ. ജപ്പാൻ, കൊറിയ, ഹോങ്കോംഗ് സൂചികകൾ തളർന്നു. യൂറോപ്യൻ സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും ഉണർവ് കാണിച്ചു. ടെക് ഓഹരികൾക്ക് മുൻതൂക്കം നല്കുന്ന നാസ്ഡാക് സൂചിക വാരാന്ത്യം തളർങ്കെിലും ആദ്യ ആറു മാസങ്ങളിൽ 14 ശതമാനം നേട്ടത്തിലാണ്. 2009നു ശേഷം നാസ്ഡാക് സൂചിക ഇത്രയേറെ തിളങ്ങുന്നത് ആദ്യമാണ്.
ക്രൂഡ് ഓയിൽവില വാരാന്ത്യം 46.04 ഡോളറായി ഉയർന്നു. രാജ്യാന്തര മാർക്കറ്റിൽ സ്വർണം ഈ വർഷം ആദ്യമായി പ്രതിമാസ നഷ്ടത്തിലാണ്. സ്വർണവില ഒൗൺസിന് 1239 ഡോളർ വരെ താഴ്ന്നു.