ഓഹരി അവലോകനം/ സോണിയ ഭാനു
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലത്തിന്റെ പ്രതിഫലനം ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓഹരി വിപണി. അനുകൂല വാർത്തകൾ ഫണ്ടുകളെ വിപണിയിലേക്കടുപ്പിച്ചാൽ സെൻസെക്സും നിഫ്റ്റിയും ഒരു കുതിച്ചു ചാട്ടം നടത്താമെങ്കിലും മുന്നേറ്റം താത്കാലികമായിരിക്കുമെന്ന നിലപാടിലാണ് ഉൗഹക്കച്ചവടക്കാർ.
ബോംബെ സെൻസെക്സ് 95 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. വിദേശ ഫണ്ടുകൾ വില്പനയ്ക്കു കാണിക്കുന്ന ഉത്സാഹം തുടരുകയാണ്. അതേസമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപ താത്പര്യം ഇരട്ടിപ്പിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഹോളി പ്രമാണിച്ച് ഇടപാടുകൾ നാലുദിവസങ്ങളിലേക്ക് ഒതുങ്ങിയിട്ടും ആഭ്യന്തര ഫണ്ടുകൾ 4049.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശഫണ്ടുകൾ 2534.2 കോടി രൂപയുടെ വില്പന നടത്തി.
ഇന്ത്യൻ മാർക്കറ്റിലെ നിക്ഷേപ മനോഭാവത്തിൽ വിദേശ ഓപ്പറേറ്റർമാർ മാറ്റം വരുത്തുന്നതായി വേണം വിലയിരുത്താൻ. ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ നടത്തിയ നീക്കം ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്കുമേൽ സമ്മർദമുളവാക്കി. 64.73ൽനിന്ന് രൂപയുടെ വിനിമയമൂല്യം 65.60 ലേക്ക് ഒരവസരത്തിൽ ഇടിഞ്ഞ ശേഷം വാരാന്ത്യം 65.20 ലാണ്.
ബാങ്കിംഗ്, ഹെൽത്ത്കെയർ, സ്റ്റീൽ വിഭാഗങ്ങൾ വില്പന സമ്മർദത്തെ അഭിമുഖീകരിച്ചു. അതേസമയം ഓട്ടോമൊബൈൽ വിഭാഗം ഓഹരികളിൽ വാങ്ങൽ താത്പര്യം ദൃശ്യമാക്കുകയും ചെയ്തു.
മുൻനിരയിലെ പത്ത് കന്പനികളിൽ അഞ്ച് കന്പനികളുടെ വിപണി മുല്യത്തിൽ കുറവ് ദൃശ്യമായി. മൊത്തം 26,641.48 കോടി രൂപയുടെ ഇടിവാണ് മുല്യത്തിൽ സംഭവിച്ചത്. നിഫ്റ്റിക്ക് കഴിഞ്ഞ വാരം വ്യക്തമാക്കിയ രണ്ടാം പ്രതിരോധമായ 10,625 ലെ തടസം മറികടക്കാനാവാതെ 10,621 ൽ തളർച്ചയിലേക്കുതിരിഞ്ഞു.
വാരാന്ത്യ ദിനം 10,447 വരെ ഇടിഞ്ഞ നിഫ്റ്റി മാർക്കറ്റ് ക്ലോസിംഗിൽ 10,458 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ കണക്കിലെടുത്താൽ വിപണി 10,162-10,752 റേഞ്ചിൽ താത്കാലികമായി സഞ്ചരിക്കാം. ഈ വാരം 10,570 ൽ ആദ്യ തടസമുണ്ട്. ഇത് മറികടന്നാൽ 10,682 വരെ ഉയരാം. ഉയർന്ന നിലവാരത്തിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് ഉത്സാഹിച്ചാൽ 10,396-10,334 ൽ സപ്പോർട്ടുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ, എംഎസി ഡിയും ബുള്ളിഷ് ട്രേഡിലേക്കുതിരിഞ്ഞു. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിൽനിന്ന് താഴ്ന്ന റേഞ്ചിലേയ്ക്ക് തിരിഞ്ഞു.
ബോംബെ സെൻസെക്സ് 34,580 ൽനിന്നുള്ള തിരുത്തലിൽ 34,015 വരെ താഴ്ന്നെങ്കിലും വാരാന്ത്യം 34,047 ലാണ്. 34,413 ലെ ആദ്യതടസം മറികടന്നാൽ 34,779-34,978 വരെ ഉയരാൻ വിപണി ശ്രമം നടത്താം. എന്നാൽ ആദ്യ പ്രതിരോധത്തിനു മുന്നിൽ കാലിടറിയാൽ 33,848ൽ പിടിച്ചുനിൽക്കാൻ ശ്രമിക്കാം. എന്നാൽ ഈ റേഞ്ചിൽ വീണ്ടും വില്പന സമ്മർദം ഉടലെടുത്താൽ 34,334-34,222 വരെ വിപണി തളരാം. സൂചികയുടെ 50 ഡി എം ഏ 34,572 പോയിന്റിലാണ്.
അമേരിക്ക സ്റ്റീൽ, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവയിൽ വരുത്തിയ മാറ്റം യു എസ് ഓഹരിവിപണികളെ ഞെട്ടിച്ചു. ഇതുമൂലം ഡൗ ജോണ്സ് സൂചിക വ്യാഴാഴ്ച 400 പോയിന്റ് ഇടിഞ്ഞു. ഹോളി ആഘോഷം മുലം ഇന്ത്യൻ വിപണി വെള്ളിയാഴ്ച അവധിയായിരുന്നതിനാൽ നമ്മുടെ മാർക്കറ്റിനെ ഇതു ബാധിച്ചില്ല. ഏഷ്യയിലെ പ്രമുഖ വിപണികളായ ജപ്പാൻ, ചൈന, ഹോങ്കോങ്, കൊറിയൻ ഇൻഡക്സുകൾ വെളളിയാഴ്ച വില്പന സമ്മർദത്തെ അഭിമുഖീകരിച്ചു.
അമേരിക്കയുടെ നീക്കങ്ങൾ യൂറോപ്യൻ ഓഹരി ഇൻഡെക്സുകളിലും വിള്ളലുണ്ടാക്കി. വാരാന്ത്യം ഡൗ ജോണ്സ് സൂചിക നഷ്ടത്തിലാണെങ്കിലും നാസ്ഡാക്, എസ് ആൻഡ് പി 500 നേട്ടത്തിലാണ്.