ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം സ്വാമി ഓം മോഷണക്കേസിൽ അറസ്റ്റിൽ. തന്റെ സൈക്കിളുകളും ചില രേഖകളും മോഷ്ടിച്ചെന്നു കാട്ടി ഓമിന്റെ സഹോദരൻ പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒന്പതു വർഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ വർഷം ഈ കേസ് പരിഗണിച്ച സാകേത് കോടതി സാമി ഓം കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. വിവാദ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ഓം ശ്രദ്ധിക്കപ്പെടുന്നത്.
2008 നവംബറിലാണ് ലോധി കോളനി പോലീസ് സ്റ്റേഷനിൽ വിനോദാനന്ദ് ഖന്ന എന്ന സ്വാമി ഓമിനെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഓമും മൂന്നു കൂട്ടാളികളും ചേർന്ന് തന്റെ 11 സൈക്കിളുകളും രേഖകളും മോഷ്ടിച്ചെന്ന് സഹോദരൻ പ്രമോദ് ഝായാണ് പരാതി നൽകിയത്. കടയുടെ പൂട്ടു തകർത്തായിരുന്നു മോഷണം.
കഴിഞ്ഞ വർഷം ഓമിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇതേതുടർന്ന് ഒളിവിൽപോയ ഓമിനെ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.