നിലന്പൂർ: അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ പരിശോധന അവതാളത്തിൽ. ഉപയോഗശൂന്യമായ ഓയിൽ പ്രത്യേക കെമിക്കൽ ഉപയോഗിച്ച് ശുദ്ധീകരിച്ചാണ് വെളിച്ചെണ്ണയിൽ കൂട്ടിച്ചേർക്കുന്നത്. ഇങ്ങിനെ ലഭിക്കുന്ന വെള്ള നിറത്തിലുള്ള ദ്രാവകം കൂടുതൽ അളവിലുള്ള വെളിച്ചെണ്ണയിൽ ചേർത്തിയാണ് വിൽപ്പന.
സാധാരണ ശുദ്ധമായ വെളിച്ചെണ്ണ തണുപ്പു കാലത്ത് തണുത്തുറഞ്ഞ് കട്ടയാവും. എന്നാൽ മായം കലർന്നത് ഓയിൽ പോലെ ദ്രവരൂപത്തിലാണ് കാണപ്പെടുക. പുറമെ വെളിച്ചെണ്ണയുടെ മണം ലഭിക്കുന്ന രാസവസ്തുവും ചേർക്കും. എന്നാൽ പാചകം ചെയ്യുന്പോൾ ഈ ഗന്ധം നിലനിൽക്കില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്.
വൃത്തിയിൽ പാക്ക് ചെയ്ത് വിപണയിലെത്തിക്കുന്നതിനാൽ കൂടുതൽ ആളുകൾ വാങ്ങുന്നുണ്ട്. എന്നാൽ ഒരു ലിറ്റർ വെളിച്ചെണ്ണ കിട്ടണമെങ്കിൽ 1.5 കിലോ കൊപ്ര ആട്ടണം. ഇതിന് വരുന്ന 133 രൂപയടക്കം 150 രൂപയെങ്കിലും ചെലവ് വരും. ഇതാണ് 130 മുതൽ 140 രൂപക്ക് വിൽക്കുന്നത്. കൃത്രിമ വസ്തുക്കൾ ചേർക്കാതെ ഈ വിലക്ക് നൽകാനാവില്ലെന്നാണ് കേരകർഷകർ പറയുന്നത്.
ഫുഡ് സർക്കിൾ ഓഫീസുകളുടെ പരിധിയിൽ ഓഫീസർമാരുടെ ഒത്താശയോടെയാണ് ഇത്തരം കള്ളത്തരം നടത്തുന്നതെന്ന് ആരോപണമുണ്ട്. പിടിക്കപ്പെട്ടാൽ 1000-മുതൽ 2000 രൂപ വരെ പിഴ ഈടാക്കിയാണ് പ്രശ്നം പരിഹരിക്കുന്നത്. വില കുറച്ചു കാണിക്കരുതെന്നും സ്വകാര്യ നിർദേശവും ഇവർ നൽകുന്നുണ്ട്. ഇതാണ് പല കന്പനികളും 175 ഉം 200 രൂപ പാക്കറ്റിൽ രേഖപ്പെടുത്തുന്നത്.
മഞ്ചേരി ഓഫീസിൽ പരിശോധനക്കായി സാന്പിൾ സഹിതം കൊണ്ടുവന്നാലും രക്ഷയുണ്ടാവാറില്ലെന്ന് വർഷങ്ങളായി ആരോപണമുണ്ട്. വ്യാജനെ തിരിച്ചറിയാൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേരിയിലെ ഓഫീസിലെത്തിയാൽ പരിശോധനക്കയക്കാതെ മാസങ്ങളോടം അവിടെ സൂക്ഷിക്കും. പിന്നീട് മാലിന്യമായി തള്ളും. മായം ചേർത്തത് കണ്ടെത്തിയാലും നടപടിയില്ല.
തിരുവനന്തപുരത്തും എറണാംകുളത്തും കോഴിക്കോടും പരിശോധനക്ക് ലാബുകളുണ്ട്. എന്നാൽ ഇവ അക്രഡിറ്റഡ് ലാബ് ആയിട്ടില്ലാത്തതും കേസ് നടപടി ക്രമത്തിന് ഭംഗം വരുത്തുന്നുണ്ട്. മിക്ക ജില്ലകളിലേയും ഓഫീസുകൾ കാര്യക്ഷമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.