ലൂസ് ഓയിൽ ഉപയോഗിക്കുന്പോൾ
ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.
ചീത്തയായ എണ്ണ ഒഴിവാക്കാം
എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.
ഒലീവ് എണ്ണ ഉപയോഗിക്കുന്പോൾ…
ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം.
വെർജിൻ ഒലീവ് ഓയിൽ സാലഡിന്റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം വറുക്കൽ) ഉപയോഗിക്കാവൂ.
ഓയിലും ട്രാൻസ് ഫാറ്റും
വനസ്പതി ഹൈഡ്രോജനേറ്റഡ് ഓയിൽ ആണ്. വെജിറ്റബിൾ ഓയിൽ കേടുകൂടാതെ കൂടുതൽ നാൾ സൂക്ഷിക്കാൻ വേണ്ടി ഹൈഡ്രജൻ കടത്തിവിട്ടു ഖരാവസ്ഥയിലേക്കു മാറ്റുന്ന പ്രക്രിയയാണു ഹൈഡ്രോജനേഷൻ. അത്തരം എണ്ണയാണു ഹൈഡ്രോജനേറ്റഡ് ഓയിൽ.
എല്ലാ ഹൈഡ്രോജനേറ്റഡ് ഓയിലും ട്രാൻസ് ഫാറ്റ് ആണ്. ട്രാൻസ് ഫാറ്റ് ശരീരത്തിന്റെ പ്രതിരോധശക്തി തകർക്കുന്നു. പ്രമേഹം വരാനും കൊളസ്ട്രോൾ കൂടാനും പ്രധാന കാരണം ഇതാണ്. ബേക്കറി വിഭവങ്ങളിലാണ് ട്രാൻസ് ഫാറ്റ് ഏറ്റവും കൂടുതലുളളത്.
അതിനാൽ വനസ്പതിയും വനസ്പതിയിൽ തയാർ ചെയ്ത വിഭവങ്ങളും അനിയന്ത്രിതമായി കഴിക്കുന്നത് ആരോഗ്യജീവിതത്തിന് ഹാനികരം
റിഫൈൻ ചെയ്ത എണ്ണയിൽ…
ടെക്നോളജി(സാങ്കേതികത) മെച്ചപ്പെടുന്നതനുസരിച്ചും ആവശ്യം കൂടുന്നതിനനുസരിച്ചും ആധുനികവത്കരണം വരുന്നതിനനുസരിച്ചും പുതിയ പുതിയ ഉത്പന്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. റിഫൈൻഡ്(സംസ്കരിച്ച) ഫുഡ്, പ്രോസസ് ഫുഡ് എന്നിങ്ങനെ. എണ്ണയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുന്നു.
ചിലതരം എണ്ണയുടെ ഗന്ധം പലപ്പോഴും നാം ഇഷ്ടപ്പെടുന്നതാവില്ല. അപ്പോൾ അതുമാറ്റാൻ നാം അതു ശുദ്ധീകരിക്കുന്നു. എണ്ണയിൽ വൈറ്റമിനുകളുണ്ട്. റിഫൈൻ ചെയ്യുന്പോൾ ചിലതൊക്കെ നഷ്ടപ്പെടും.
അമിതഭാരത്തിനു പിന്നിൽ…
25 വയസു കഴിയുന്പോഴേക്കും ശരീരവളർച്ച പൂർണമായിരിക്കും. അതു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും കുറച്ചു നിയന്ത്രണങ്ങൾ വേണം. വ്യായാമം ചെയ്യണം.
ആഹാരകാര്യങ്ങളിൽ നിയന്ത്രണം വേണം. ചെറുപ്പക്കാർ എണ്ണ അധികമായി ഉപയോഗിക്കാൻ പാടില്ല. അമിതഭാരത്തിനുളള പ്രധാന കാരണം എണ്ണയാണ്. വറുത്തതും പൊരിച്ചതും എന്നും കഴിക്കരുത്. അത്തരം ചില നിയന്ത്രണങ്ങൾ ജീവിതശൈലീരോഗങ്ങൾ ചെറുപ്പത്തിൽതന്നെ പിടികൂടാതിരിക്കാൻ സഹായകം.
നെയ് റോസ്റ്റ് പതിവാക്കിയാൽ ?
നെയ്യ് സാച്ചുറേറ്റഡ് ഫാറ്റാണ്. പാലിൽ നിന്നുളള കൊഴുപ്പ് സാച്ചുറേറ്റഡ് ഫാറ്റാണ്(പൂരിതകൊഴുപ്പ്). അതിനാൽ ബട്ടറും നെയ്യും സാച്ചുറേറ്റഡാണ്. ഇവയെല്ലാം കൊഴുപ്പിന്റെ വിഭാഗത്തിൽ വരുന്നു. അതിനാൽ ദിവസവും നെയ് റോസ്റ്റ് കഴിക്കുന്നത് ആരോഗ്യകരമല്ല. രക്തത്തിലെ കൊളസ്ട്രോൾ നില കൂടുന്നതിനു പൂരിതകൊഴുപ്പു കാരണമാകുന്നു. പൂരിതകൊഴുപ്പ് പ്രായമായവർക്കാണു ദോഷകരം.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്