വടക്കഞ്ചേരി: ദേശീയപാത കാരയങ്കാടിനടുത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഓയിൽ ചോർന്ന് വാഹനങ്ങൾ തെന്നിവീണ് പത്തോളം പേർക്ക് പരിക്കേറ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏഴ് വാഹനങ്ങളാണ് റോഡിൽ മറിഞ്ഞത്.
പരിക്കേറ്റവർ മംഗലം പാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഏതോ വാഹനത്തിൽ നിന്നും ഓയിൽ പോയതാന്നെന്നാണ് സംശയിക്കുന്നു.
രാവിലെ ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നതിനാൽ റോഡിൽ ഒഴുകിയ ഓയിലിൽ വാഹനങ്ങൾ തെന്നിമറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഏഴ് ബൈക്കുകൾ തെന്നി മറിഞ്ഞു.
വാഹനങ്ങൾ മറിയുന്നത് കണ്ട് ഓടിയെത്തിയ പാൽ വിതരണക്കാരനായ മുഹമ്മദ് ഹാരിസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതോടെയാണ് കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കിത്.
പിന്നീട് വടക്കഞ്ചേരി പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.