തൊടുപുഴ: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തയാള്‍ക്ക് ഏഴു ലക്ഷം രൂപ പിഴ.
ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവര്‍ഗ വികസന വകുപ്പ് വിതരണം ചെയ്ത 13 ഇനങ്ങള്‍ അടങ്ങുന്ന ഭക്ഷ്യക്കിറ്റില്‍ നല്കിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇവര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചെറുതോണി പേട്ടയില്‍ പി.എ.ഷിയാസിനാണ് പിഴയടയ്ക്കാന്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ ഉത്തരവിട്ടത്.
കേരശക്തി എന്ന പേരില്‍ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഹാജരാക്കിയത് വ്യാജ രജിസ്ട്രേഷന് ആണെന്നും പരിശോധനയില്‍ കണ്ടെത്തി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്റെ മറവിലാണ് ഇവര്‍ വെളിച്ചെണ്ണ വില്‍പ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.