വാഷിംഗ്ടൺ ഡിസി: ചെങ്കടലിൽ ഹൂതിവിമതരുടെ ആക്രമണത്തിനിരയായ ഗ്രീക്ക് എണ്ണടാങ്കറിൽനിന്നുള്ള ചോർച്ച വൻ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നു യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നല്കി.
ഒരാഴ്ച മുന്പ് ആക്രമണം നേരിട്ട എംവി സുനിയോൺ എന്ന കപ്പലിലെ തീ ഇതുവരെ അണഞ്ഞിട്ടില്ല. കപ്പലിൽനിന്ന് എണ്ണ ചോരുന്നതായി സംശയമുണ്ട്. കപ്പലിനെ കെട്ടിവലിച്ച് കൊണ്ടുപോകാൻ രണ്ടു ടഗ് ബോട്ടുകൾ അയച്ചെങ്കിലും ഹൂതികളുടെ ആക്രമണം മൂലം നടന്നില്ലെന്നു യുഎസ് കൂട്ടിച്ചേർത്തു.
ഒന്നരലക്ഷം ടൺ (പത്തു ലക്ഷം വീപ്പ) ക്രൂഡ് ആണ് കപ്പലിലുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണു ഹൂതികൾ ഈ കപ്പൽ ആക്രമിച്ചത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു കപ്പലുകൾ ആക്രമിക്കുന്നതെന്നു ഹൂതികൾ പറയുന്നു.