മുംബൈ: പെട്രോൾ-ഡീസൽ വിലക്കയറ്റത്തിൽ ജനങ്ങൾ നട്ടംതിരിയുന്പോൾ വന്പൻ ലാഭക്കുതിപ്പുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി). രാജ്യത്തെ ഏറ്റവും വലിയ എണ്ണവില്പന കന്പനിയാണ് ഐഒസി. മാർച്ചിലവസാനിച്ച ത്രൈമാസം ഐഒസിയുടെ ലാഭത്തിൽ 40 ശതമാനമാണു വർധന.
തലേ വർഷം ഇതേ ത്രൈമാസത്തിൽ 3720.62 കോടി രൂപ ആയിരുന്ന അറ്റാദായം ഇത്തവണ 5218.10 കോടി രൂപയായി. നിരീക്ഷകർ കണക്കാക്കിയതിലും ഗണ്യമായി കൂടുതലാണിത്. ത്രൈമാസ വിറ്റുവരവിൽ 12.12 ശമതാനം മാത്രം വർധന ഉണ്ടായപ്പോഴാണ് അറ്റാദായത്തിൽ 40.25 ശതമാനം വർധന. വിറ്റുവരവ് 1.22 ലക്ഷം കോടിയിൽ നിന്ന് 1.37 ലക്ഷം കോടി രൂപയായി.
ഒരു വീപ്പ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചു വിറ്റു കഴിയുന്പോൾ കന്പനിക്ക് 8.40 ഡോളർ (577 രൂപ) ലാഭം കിട്ടും. കഴിഞ്ഞവർഷം ഇതേ കാലത്ത് ഈ ലാഭം 7.77 ഡോളർ (528 രൂപ) ആയിരുന്നു.
2.08 കോടി ടൺ പെട്രോളിയം ഉത്പന്നങ്ങളാണു ജനുവരി-മാർച്ച് ത്രൈമാസത്തിൽ വിറ്റത്. തലേവർഷത്തെ നാലാം ത്രൈമാസത്തിൽ ഇത് 196 കോടി ടൺ ആയിരുന്നു. ഓഹരി ഒന്നിനു രണ്ടു രൂപ വച്ച് അവസാന ലാഭവീതം പ്രഖ്യാപിച്ചു. നേരത്തേ ഓഹരി ഒന്നിനു 19 രൂപ ഇടക്കാല ലാഭവീതമായി നല്കിയിരുന്നു.