ഭക്ഷണത്തിന് ഏറ്റവുമധികം രുചി നല്കുന്ന ചേരുവകളിലൊന്നാണ് എണ്ണ. എണ്ണ കൂടുതൽ ചേർത്ത വിഭവം രുചികരം. കറി വച്ച മീനിനെക്കാൾ നാം വറുത്ത മീൻ ഇഷ്ടപ്പെടുന്നതിനു പിന്നിലും ഇതേ കാരണം തന്നെ.
കറിക്ക് എണ്ണ ചേർക്കുന്പോൾ…
സാധാരണയായി വീട്ടമ്മമാർ എണ്ണ അളന്നല്ല ഉപയോഗിക്കുന്നത്. അളക്കാറില്ല, കുപ്പിയിൽ നിന്നെടുത്ത് ഒഴിക്കുകയാണ്. അതിൽ നിന്ന് എത്ര വീഴുന്നുവോ അതാണ് പലപ്പോഴും അവരുടെ കണക്ക്!
എണ്ണ ഉപയോഗിക്കുന്പോൾ അത് അളന്ന് ഉപയോഗിക്കാനായി ഒരു ടീ സ്പൂണ് കരുതണം.അളവറ്റ തോതിൽ എണ്ണ ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾനില കൂടും. ജീവിതശൈലീരോഗങ്ങൾ മനസറിയാതെ കൂടെയെത്തും.
ആവർത്തിച്ചു ചൂടാക്കിയാൽ…
ഒരിക്കൽ ഉപയോഗിച്ച എണ്ണ പുതിയ എണ്ണയുടെ കൂടെ ചേർത്ത് ഉപയോഗിക്കുന്ന രീതിയും വീട്ടമ്മമാർക്കുണ്ട്. ബാക്കി വരുന്ന ചൂടാക്കിയ എണ്ണ ഒരു പാത്രത്തിൽ മാറ്റിവയ്ക്കും.
എണ്ണ തീരുന്പോൾ ആ എണ്ണയും കുറച്ചു പുതിയ എണ്ണയും കൂടി ഒഴിച്ചു ചൂടാക്കും. അങ്ങനെ ചെയ്യരുത്. റിപ്പീറ്റഡ് ഹീറ്റിംഗ് പാടില്ല. ആവർത്തിച്ചു ചൂടാക്കിയ എണ്ണ ആരോഗ്യത്തിന് ഹാനികരം.
എന്താണു പോംവഴി?
ഒരുദിവസം ഉപയോഗിച്ച എണ്ണ തൊട്ടടുത്ത ദിവസം കൊണ്ട് ഉപയോഗിച്ചു തീർക്കണം. പപ്പടം കാച്ചിയ എണ്ണ വേണമെങ്കിൽ ഒരു തവണയൊക്കെ കടുകുപൊട്ടിക്കാൻ ഉപയോഗിക്കാം. അതിനപ്പുറം അതിൽ പുതിയ എണ്ണ കൂടി ചേർത്ത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.
* കടുകുപൊട്ടിക്കാനും മറ്റും വളരെക്കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ. ഏതുതരം എണ്ണ ഉപയോഗിച്ചാലും…
* വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതിൽ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയിൽ, വനസ്പതി ഇവയുടെ ഉപയോഗവും കുറയ്ക്കണം.
* റൈസ് ബ്രാൻഎണ്ണയും(തവിടെണ്ണ) സോയാബീൻ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളിൽ പൊതുവെ ആരോഗ്യത്തിനു ഗുണകരം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസി ഡുകൾ ഏറ്റവുമധികം ഉള്ളത്.
ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. പ്രായപൂർത്തിയായ ഒരാൾക്കു ദിവസം 4 ടീസ്പൂണ് എണ്ണ. 20 ഗ്രാം. പ്രായമേറിയവർക്കും 4 ടീസ് സ്പൂണ് എണ്ണ ആവശ്യമാണ്.
കൊഴുപ്പ് ശരീരത്തിലെത്തുന്നത്
പാചകത്തിനു നേരിട്ട് ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും എണ്ണ ഉപയോഗത്തിന്റെ പരിധിയിൽ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളിൽക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാൽ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവിൽ കുറവു വരുത്തണം.
വറുത്തതു കഴിക്കുന്പോൾ…
എണ്ണ ധാരാളം അടങ്ങിയ ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ കുട്ടികളെ അനുവദിക്കരുത്. എന്നും വറുത്ത സാധനങ്ങൾ കുട്ടികൾക്കു കൊടുക്കരുത്. മുതിർന്നവരും ബേക്കറിവിഭവങ്ങൾ ശീലമാക്കാൻ പാടില്ല. അളവു കുറച്ചു കഴിക്കുക. കുട്ടികൾക്കു മാതൃകയാവുക.
(തുടരും)
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്