ന്യൂയോർക്ക്: ഇന്ധനം തീർന്നതിനാൽ ഗാസയിൽ സഹായവിതരണം നിർത്തിവച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ശൈത്യം അടുക്കുന്നതിനാൽ ഗാസ പട്ടിണിയുടെ പിടിയിലാകാൻ സാധ്യതയുണ്ടെന്നു ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പു നല്കി.
ആറാഴ്ച മുന്പ് ഹമാസിനെതിരേ പ്രത്യാക്രമണം ആരംഭിച്ച ഇസ്രേലി സേന ഗാസയ്ക്കു പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്. ഈയാഴ്ചയാദ്യം കുറച്ച് ഇന്ധനം അനുവദിച്ചെങ്കിലും അത് പെട്ടെന്നുതന്നെ തീർന്നു. ദിവസം രണ്ടു ടാങ്കർ ഇന്ധനം ഗാസയിൽ അനുവദിക്കാൻ ഇസ്രയേൽ ഇന്നലെ സമ്മതിച്ചിട്ടുണ്ട്.
വൈദ്യുതി ഉത്പാദനത്തിന് ഇന്ധനമില്ലാത്തതിനാൽ ഗാസയിലെ ടെലികോം കന്പനികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഫോണും ഇന്റർനെറ്റും ഇല്ലാത്തതിനാൽ ജീവനക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഇന്നലെ ഗാസയിൽ സഹായവിതരണം നടന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു.
ഗാസയിലെ ഇരുപതു ലക്ഷത്തിലധികം ജനത വൈകാതെ പട്ടിണിയെ നേരിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പദ്ധതി മുന്നറിയിപ്പു നല്കി.
ഇന്ധനമില്ലാത്തതിനാൽ ലോകഭക്ഷ്യപദ്ധതിയുടെ ഗാസയിലെ ബേക്കറികളൊന്നും പ്രവർത്തിക്കുന്നില്ല. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിതരണം നിലച്ചിരിക്കുന്നതായും കൂട്ടിച്ചേർത്തു.ഗാസയിൽ രോഗങ്ങൾ പടരുന്നതായും യുഎൻ വൃത്തങ്ങൾ മുന്നറിയിപ്പു നല്കി.