ജോണ്സണ് വേങ്ങത്തടം
കോട്ടയം: അതിര്‍ത്തിയിലൂടെ ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമായ വെള്ളിച്ചെണ്ണ സംസ്ഥാനത്തേക്ക് ഒഴുകുമ്പോള്‍ പരിശോധിക്കാനോ, തടയാനോ സംവിധാനമില്ലാതെ കേരളം.
കേരളത്തില്‍ മായം കണ്ടുപിടിക്കുന്നതിന് ഐവി, എഫ്എഫ്എ തുടങ്ങിയ ടെസ്റ്റുകളാണ് പ്രധാനമായും ചെയ്തുവരുന്നത്. പക്ഷെ ഇതുകൊണ്ട് വെള്ളിച്ചെണ്ണയിലെ മായം തടയുവാന്‍ സാധിക്കുകയില്ലെന്നു കണ്ടെത്തിയതാണ്.
പൂനെയിലുള്ളതുപോലെ അനാലസ്റ്റിക്കല് ലാബോറട്ടറി സ്ഥാപിച്ച് ടെസ്റ്റ് നടത്തിയാലെ ഈ പ്രശ്നത്തിന് ഒരുപരിധിവരെയെങ്കിലും പരിഹരിക്കാന്‍ കഴിയുകയുള്ളൂവെങ്കിലും കേരളത്തില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടില്ല.
ഇതുമൂലം മായം കലര്‍ന്ന വെള്ളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്.
തമിഴ്നാട്ടില്‍ വെള്ളിച്ചെണ്ണ ഭക്ഷ്യ എണ്ണയുടെ ഗണത്തില്പ്പെടുത്തിയിട്ടില്ലാത്തതിനാല് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും വ്യാജന്മാര്ക്കു സഹായകമാകുന്നു. ഗുണനിലവാരമില്ലാത്ത വെള്ളിച്ചെണ്ണകള്‍ വിവിധ ബ്രാന്‍ഡുകളില്‍ കേരളവിപണി കീഴടക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്.
സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കേരഫെഡിന്റെ ട്രേഡ് മാര്‍ക്കില്‍ ചെറിയ മാറ്റംവരുത്തിയ വ്യാജ വെളിച്ചെണ്ണകളും വിപണിയില്‍ സുലഭമാണ്.
ഇതിനാല്‍ കൂടുതലാളുകളും മായം കലര്‍ന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. നിരോധിച്ചാല്‍ അടുത്തദിവസം തന്നെ മറ്റൊരു ബ്രാന്‍ഡില്‍ ഇത്തരം കമ്പനിയുടെ വെളിച്ചെണ്ണ പുറത്തിറങ്ങും.ഒരുകിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ ഇന്ന് ഏതാണ്ട് 150 നും 160 നും ഇടയ്ക്ക് രൂപ ചെലവ് വരും.
എന്നാല്‍ തമിഴ്നാട്ടില്‍നിന്ന് എത്തുന്ന വെള്ളിച്ചെണ്ണകള്‍ 100 രൂപ മുതല്‍ 120 രൂപയ്ക്ക് വിലയിട്ടു വില്‍ക്കുകയാണ്. ഇതു കര്‍ഷകര്‍ക്കോ, കേരളത്തിലെ വെള്ളിച്ചെണ്ണ ഉല്പാദകര്ക്കോ യാതൊരു പ്രയോജനമില്ലെന്നും കൊച്ചിന് ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് രാജു തരണിയില്‍ രാഷ് ട്രദീപികയോട് പറഞ്ഞു. ചെറുകിട ഉത്പാദകര്‍ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊപ്ര ദീര്‍ഘനാള്‍ കേട് കൂടാതെയിരിക്കാനും ആവശ്യമനുസരിച്ച് വെള്ളിച്ചെണ്ണ നിര്‍മിക്കാനും സള്‍ഫര്‍ പ്രയോഗം നടത്തുന്നതായി കണ്ടെത്തിയിരുന്നു.
കൂടാതെ എലി, പാറ്റ എന്നിവയുടെ ആക്രമണത്തെ അകറ്റാനും സള്‍ഫറിനു കഴിയും. ഷീറ്റു കൊണ്ട് കൊപ്രയെ കട്ടിയായി മുടിയശേഷം അതിലേക്ക് സള്‍ഫര്‍ പുക അടിച്ചുകയറ്റിയാണ് മായം ചേര്‍ക്കല്‍ നടക്കുന്നത്.
എന്നാല്‍ കേരളത്തില്‍നിന്നു തേങ്ങ കൊണ്ടുപോയി സള്‍ഫര്‍ പോലുള്ള മാരക വിഷം ചേര്‍ത്ത് തിരിച്ച് ഇവിടെ എത്തിക്കുന്നത് തടയാന്‍ കര്‍ശന പരിശോധനയൊന്നും സംസ്ഥാനത്തില്ല.
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷന് ഓയില്‍ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയിരുന്നു.
ഇതെല്ലാം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരേ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളത്.