കടയ്ക്കല്‍ : തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പോലീസിനെയും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഓയില്‍പാം അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് പി നായരുടെ പക്കല്‍ നിന്നു പോലീസ് പിടികൂടിയ തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്കിന്റെ നിലവാരം കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രമേ പ്രതീഷിനെതിരേ ആയുധ നിയമം ചേര്ക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. നിറ തോക്കാണ് ഇയാളില്‍ നിന്നും പോലീസ് പിടികൂടിയത്.
ഇന്നലെയാണ് കൊല്ലം ചിതറ എസ്റ്റേറ്റില്‍ അരിപ്പയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജര്‍ പ്രതീഷ് .പി. നായര്‍ ക്വാർട്ടേ്ഴ്സിനു പുറത്തിറ ങ്ങി നാട്ടുകാരെയും സ്കൂള്‍ കുട്ടികളെയുമടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുണ്ടായത്. അന്വേഷണത്തിനെത്തിയ കടയ്ക്കല്‍ പോലീസിനെയും ഇയാൾ തോക്കിന്മുനയില് നിര്‍ത്തി.
അരിപ്പയിലെ ഓയില്‍പാം ക്വാര്‍ട്ടേഴ്സില്‍ ഉണ്ടായിരുന്ന പ്രതീഷുമായി പോലീസ് സംസാരിച്ചു നില്ക്കുന്നതിനിടയില് റിവോള്‍വര്‍ മോഡല്‍ തോക്ക് എടുത്ത് എസ് ഐ ക്ക് നേരെ ചൂണ്ടുകയും ഇവിടെ നിന്നും പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആദ്യം ഇവിടെ നിന്നു പിന്മാറിയ പോലീസ് പലതവണ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി.
വീട്ടിനുള്ളില്‍ ഇയാളുടെ മാതാവ് ഉണ്ടായിരുന്നുവെങ്കിലും ഇവരും വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം കടക്കലില്‍ നിന്നു ഫയര്‍ഫോഴ്സും ആംബുലന്‍സും സ്ഥലത്തേക്ക് എത്തി. പിന്നീട് പോലീസും ഫയര്‍ഫോഴ്സും നാടകീയമായി ക്വാര്‍ട്ടേഴ്സിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പ്രതീഷിനെ കീഴ്പ്പെടുത്തുകയായിരുന്നു.
പിടികൂടുന്ന സമയത്തും ഇയാള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഇയാളുടെ വൈദ്യ പരിശോധനയില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലന്നാണ് സൂചന. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പും ഓയില്‍പാമില്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം ഇയാളെ സര്‍വീസില്‍ നിന്നു സസ്പെൻഡ് ചെയ്തിരിക്കുകയാണ് എന്ന് ഓയില്‍പാം അധികൃതര്‍ പറയുന്നു. ഇതിലുള്ള വൈരാഗ്യമാകാം ഇയാള്‍ ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു. കടയ്ക്കല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സജു, സജീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതീഷിനെ കീഴ്പെടുത്തിയത്.
എന്നാല്‍ മണിക്കൂറുകള്‍ ഒരു പ്രദേശത്തെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടും ഓയില്‍പാം അധികൃതര്‍ ആരും തന്നെ സ്ഥലത്ത് എത്തിയില്ല. ഇത് നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഓയില്‍പാം അധികൃതര്‍ക്കെതിരേ അന്വേഷണം വേണമെന്ന് ഒരുവിഭാഗം തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടു.