തൊടുപുഴ: ഇരുചക്ര വാഹനത്തിൽ കറങ്ങി പുതിയ തന്ത്രം ഉപയോഗിച്ചു സ്ത്രീകളുൾപ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്ന വിരുതനെ പോലീസ് പിടികൂടി.
തൊടുപുഴ വെങ്ങല്ലൂർ പിടിവീട്ടിൽ മണിക്കുട്ടനെ (52) ആണ് തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാൾ കൂടുതലായി തട്ടിപ്പിനിരയാക്കിയത്.
ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ എൻജിനുള്ളിൽ ഓയിൽ കുറവാണെന്നും അടിയന്തരമായി മാറിയില്ലെങ്കിൽ വാഹനത്തിനു തീ പിടിക്കുമെന്നും പറയും.
വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നയാളാണെന്നു പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയിൽ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ് 500 രൂപയും മറ്റും വാങ്ങി ഓയിൽ ഒഴിച്ചു നൽകും.
ഒട്ടേറെ വാഹനയുടമകൾ ഇയാൾ പറഞ്ഞതു വിശ്വസിച്ച് പണം നൽകി ഓയിൽ മാറി. എന്നാൽ, സംശയം തോന്നിയ ചിലർ വാഹനം ഷോറൂമിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാൾ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്നു വ്യക്തമായത്.
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ഭാരവാഹികൾ ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്കു പരാതി നൽകി. കബളിപ്പിക്കപ്പെട്ട ചിലരും വിവരം പോലീസിനെ അറിയിച്ചു.
തുടർന്ന് രണ്ടാഴ്ചയായി പോലീസ് പ്രതിയെ പിടികൂടാൻ ശ്രമിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ ഹെൽമറ്റ് ധരിച്ച ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ രേഖകളും വ്യാജമാണെന്നു പോലീസ് കണ്ടെത്തി. അയൽവാസിയെ വാക്കത്തിക്കു വെട്ടി പരിക്കേൽപ്പിച്ച കേസും ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസും പ്രതിക്കെതിരേയുണ്ട്.