പുനലൂർ : ഓയിൽപാം എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തി വരുന്ന സമരത്തിന് പരിഹാരം കാണാൻ മാനേജ്മെന്റ് തയാറാകണമെന്നും ഇല്ലെങ്കിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സി ഐടിയു.
41 ദിവസമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓയിൽപാം ചിതറ, ഏരൂർ എസ്റ്റേറ്റുകളിൽ തൊഴിലാളികൾ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
ഓയിൽപാം തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കു, അന്യായമായി തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് തൊഴിൽ നൽകുക, നിലവിലുള്ള ഒഴിവുകൾ നികത്തുക, ഫാക്ടറി നവീകരിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി ഉടൻ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തി വരുന്നത്.
ഡിസംബർ 2 ന് ആലഞ്ചേരി ക്ഷീരസംഘത്തിന്റെ ഓഡിറ്റോറിയത്തിൽ തൊഴിലാളികളുടെ കൺവൻഷൻ പത്തിന് ചേരും. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ലെങ്കിൽ 12 ന് എസ്റ്റേറ്റുകളി ൽ പണിമുടക്ക് നടത്തും. തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യു ജില്ലാ ജനറൽ സെക്രട്ടറി എസ് ജയമോഹൻ അറിയിച്ചു.