തലശേരി: ദുബായ് അജ്മാനിൽ ഓയിൽ വ്യാപാരത്തിന്റെ മറവിൽ തലശേരി, മാനന്തവാടി സ്വദേശികളിൽനിന്നും അഞ്ചുകോടി തട്ടിയെടുത്ത സംഭവത്തിൽ ദന്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ കോഴിക്കോട് എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലശേരി ചേറ്റംകുന്ന് ഫോർച്യൂണിൽ കുനിയിൽ വീട്ടിൽ ഒ.കെ. അബ്ദുൾ ലത്തീഫ്, മാനന്തവാടി അഞ്ചുകുന്ന് സജിന മൻസിലിൽ ചക്കര അബ്ദുൾ സലാം എന്നിവരുടെ പരാതിപ്രകാരം കോഴിക്കോട് പുതിയങ്ങാടി പീസ് പാലസിൽ അയ്യപ്പൻകണ്ടി അബ്ദുൾ നാസർ, ഭാര്യ മലയിൽ ജെസ്ന, ഭാര്യാസഹോദരൻ കുന്ദമംഗലം മലയിൽ ഹൗസിൽ ജിനാസ് മലയിൽ എന്നിവർക്കെതിരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന്റെ നിർദേശ പ്രകാരം എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എലത്തൂർ എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ നടത്തി.
2015 മുതലാണ് ഓയിൽ കച്ചവടത്തിന്റെ മറവിൽ പ്രതികൾ പണം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം ദുബായ് അജ്മാനിൽ നിന്ന് കുടുംബസമ്മേതം മുങ്ങിയ പ്രതികളെ തേടി പരാതിക്കാർ നാട്ടിലെത്തുകയായിരുന്നു.
തുടർന്ന് പുതിയങ്ങാടി സംയുക്ത മഹല്ല് കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പല തവണ കോഴിക്കോട് കേന്ദ്രീകരിച്ച് മധ്യസ്ഥം പറഞ്ഞെങ്കിലും എതിർകക്ഷികൾ പണം നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് സലാമും ലത്തീഫും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
പല തവണ മധ്യസ്ഥർ മുഖാന്തിരമുണ്ടാക്കിയ എഗ്രിമെന്റുകളെല്ലാം എതിർകക്ഷികൾ പാലിച്ചില്ലെന്നും സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ ഇരുവരും പറഞ്ഞിരുന്നു.