അഞ്ചല്‍ : കുളത്തുപ്പുഴയില്‍ 80 കാരിയായ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്. കുളത്തുപ്പുഴ സാംനഗര്‍ എരമത്ത് ചരുവിള പുത്തന്‍വീട്ടില്‍ സാറാമ്മയെയാണ് മകന് സാബു ക്രൂരമായി മര്‍ദിച്ചത്.
മകന്റെ മര്‍ദനത്തില്‍ കൈക്കും മുതുകിലും അടക്കം ഗുരുതരമായി പരിക്കേറ്റ സാറാമ്മ കുളത്തുപ്പുഴ പോലീസ് സ്റ്റേഷനില്‍ അഭയം തേടി.
പോലീസും സ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന് സാറാമയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്കി. പിന്നീട് സാറാമയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സാറാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുളത്തുപ്പുഴ പോലീസ് തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ സാബു ഇവിടെ നിന്നും കടന്നു കളഞ്ഞു.
പിന്നീട് ഉച്ചയോടെ ആരുമറിയാതെ വീട്ടില്‍ എത്തിയ സാബുവിനെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.
മകന് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് സാറാമ്മ പറയുന്നു. ഈ പ്രായത്തിലും താന്‍ ജോലി ചെയ്തും നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചുമാണ് മകന് സാബുവിന് ഭക്ഷണം നല്‍കുന്നതെന്നും ഈ മാതാവ് പറയുന്നു.
മുമ്പും കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്ന് കസ്റ്റഡിയില്‍ എടുത്ത സാബുവിനെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.
ഭാര്യ മരിച്ച സാബുവിന്റെ മക്കളെ അടക്കം നോക്കി വന്നിരുന്നത് മാതാവാണ്. ഇയാളുടെ ഉപദ്രവം സഹിക്കാതായതോടെ മക്കളെ സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് സുരക്ഷതമായി സാറാമ്മ മാറ്റി പാര്‍പ്പിച്ചു.
കുളത്തുപ്പുഴ പോലീസ് മാതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും മാതാവിന്റെ കൂടുതല്‍ മൊഴി രേഖപ്പെടുത്തി സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.