ഭോപ്പാൽ: മധ്യപ്രദേശിലെ ബെതുള്‍ ജില്ലയില്‍ ജഡ്ജിയും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീ ഉള്‍പ്പടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്ജ് ബെതുള്‍ മഹേന്ദ്ര ത്രിപാഠിയും അദ്ദേഹത്തിന്റെ 33 വയസുള്ള മകന് അഭിനയ് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.
വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ചതാണ് മരണകാരണം. ചപ്പാത്തി നിര്‍മിക്കുവാനുള്ള ഗോതമ്പ് പൊടി ഇവര്‍ക്കു നല്‍കിയത് സന്ധ്യ സിംഗ് എന്ന സ്ത്രീ ആണ്.
ജൂലൈ 20ന് രാത്രി അത്താഴത്തിനായി ജഡ്ജിയുടെ ഭാര്യ ഈ പൊടി ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി. ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും ഛര്‍ദ്ദിച്ചു. അവശനിലയിലായ ഇരുവരെയും ജൂലൈ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലൈ 25ന് ഇരുവരുടെയും ആരോഗ്യനില വഷളായി. തുടര്‍ന്ന് ഇവരെ നാഗ്പുരിലുള്ള ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പേ തന്നെ മകന് മരിച്ചു.
ആശുപത്രിയില്‍ വച്ച് ജഡ്ജിയും മരണത്തിന് കീഴടങ്ങി. ചപ്പാത്തി കഴിച്ച ജഡ്ജിയുടെ ഇളയ മകനും ക്ഷീണിതനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ബെതുള്‍ മഹേന്ദ്ര ചിന്ദ്വാരയില് ജോലി ചെയ്തിരുന്നു. ഈ സമയമാണ് സന്ധ്യ സിംഗുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തിന്റെ കുടുംബം ബേതുളിലേക്കു വന്നതിനു ശേഷം കഴിഞ്ഞ നാലു മാസങ്ങളായി സന്ധ്യയ്ക്ക് ജഡ്ജിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.