ജോണ്സണ് പൂവന്തുരുത്ത്
“ആത്മാവേ വാ, ആത്മാവേ പോ…” ഒരാഴ്ചയിലേറെയായി ഈ ഡയലോഗും പാട്ടും കേരളത്തിലെ തിയറ്ററുകളിൽ അലയടിക്കുകയാണ്.
ഒന്നരയാഴ്ച മുന്പ് റിലീസ് ചെയ്ത രോമാഞ്ചം എന്ന സിനിമയിലേതാണ് ഈ പാട്ടും ഡയലോഗും. നമ്മളിൽ പലരും പലപ്പോഴായി എവിടെനിന്നെങ്കിലും കേൾക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തിട്ടുള്ള ഓജോ ബോർഡ് എന്ന നിഗൂഢമായ കളിയും അതിനെ ചുറ്റിപ്പറ്റി ഒരുപറ്റം യുവാക്കളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
പേടിപ്പിക്കലും ചിരിപ്പിക്കലുമൊക്കെ സമാസമം ചേർത്തപ്പോൾ സിനിമ തിയറ്ററിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. യുവതലമുറയും കുടുംബങ്ങളുമൊക്കെ കൂട്ടത്തോടെ തീയറ്ററിലേക്ക് എത്തുന്നുണ്ട്.
ഇതിനൊപ്പം ഓജോ ബോർഡും ചർച്ചകളിൽ നിറയുകയാണ്. സമൂഹമാധ്യമങ്ങളിലൊക്കെ ഓജോ ബോർഡിനെക്കുറിച്ചുള്ള കഥകളും ഉൗഹാപോഹങ്ങളും അവകാശവാദങ്ങളുമൊക്കെ പലരും ഇറക്കിവിടുന്നുണ്ട്.
ഓജോ ബോർഡ് കഥകൾ
ഹോസ്റ്റൽ വാസ കാലത്തെ ഓജോ ബോർഡ് കഥകളാണ് ചിലർക്കൊക്കെ പറയാനുള്ളത്. തന്റെതന്നെ ഓജോ ബോർഡ് അനുഭവത്തിൽനിന്നാണ് ‘രോമാഞ്ചം’ സിനിമയുടെ കഥ രൂപപ്പെടുത്തിയതെന്നു സംവിധായകൻ ജിത്തു മാധവനും വെളിപ്പെടുത്തി.
ഇതിനിടെ, ഓജോ ബോർഡ് കളിച്ചെന്ന കഥ പൊടിപ്പും തൊങ്ങലും ചേർത്തു വർണിച്ചുകൊണ്ട് ചില സിനിമാതാരങ്ങളും മാധ്യമങ്ങൾക്കു മുന്നിലെത്തിയിട്ടുണ്ട്.
ഇത് ആദ്യമായിട്ടല്ല മലയാളസിനിമയിൽ ഓജോ ബോർഡ് കളിയും കഥയും ചിത്രീകരിക്കപ്പെടുന്നത്. 2004ൽ മമ്മൂട്ടി നായകനായ അപരിചിതൻ എന്ന സിനിമയിൽ ഓജോ ബോർഡ് ഉണ്ടായിരുന്നു. അന്നു സിനിമയുടെ പ്രചാരണാർഥം തിയറ്ററുകളിൽ ഓജോ ബോർഡ് വിതരണം ചെയ്യുന്ന പരിപാടി പോലും നടന്നു.
കേരളത്തിൽ പലരും അന്നാണ് ഇങ്ങനെയൊരു ഏർപ്പാടിനെക്കുറിച്ചു കേൾക്കുന്നതുതന്നെ. പക്ഷേ, കുട്ടികൾക്കിടയിൽ ഓജോ ബോർഡ് ഒരു സംസാരവിഷയമായി മാറാൻ ഇതു കാരണമായി. അതുകൊണ്ട് എന്തു സംഭവിച്ചു എന്നത് ഒടുവിൽ പറയാം.
ഇപ്പോൾ കാര്യങ്ങൾ ഇത്രയുമായ സ്ഥിതിക്ക് എന്താണ് ഓജോ ബോർഡ്? ഇതു കളിച്ചാൽ എന്തു സംഭവിക്കും? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പലരുടെയും മനസിൽ ഇതിനകം ഉയർന്നിട്ടുണ്ടാകും.
ചിലരൊക്കെ പറയുന്നു, ഓജോ ബോർഡ് കളി അതീവ അപകടം പിടിച്ചതാണെന്ന്. മറ്റു ചിലർ പറയുന്നു, ഇതൊരു തമാശയാണെന്ന് വേറെ ചിലർ പറയുന്നു, ഇതൊരു തട്ടിപ്പാണെന്ന്.
ഇനിയും ചിലർ പറയുന്നു, ഇതു നേരേന്പോക്കിനുള്ള ഒരു ഗെയിം മാത്രമാണ്; വേറൊരു കൂട്ടർക്ക് ഇത് ആത്മാക്കളെ വിളിച്ചുവരുത്തുന്ന പരിപാടിയാണ്. സത്യത്തിൽ എന്താണ് ഓജോ ബോർഡ്? ഇതു കളിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
ഓജോ വന്ന വഴി
ഓജോ ബോർഡ് (Ouija Board) എന്ന പേരിൽ കേരളത്തിൽ കുപ്രസിദ്ധമായ ഈ ബോർഡിന്റെയും കളിയുടെയും ഉത്ഭവം സംബന്ധിച്ചു വ്യത്യസ്തമായ അവകാശവാദങ്ങൾ നിലവിലുണ്ട്.
വീ ജ ബോർഡ് (Wee-juh board) എന്നതാണ് ശരിയായ ഉച്ചാരണം എന്നൊരു വാദമുണ്ട്. Yes എന്നർഥമുള്ള ഫ്രഞ്ച്-ജർമൻ പദങ്ങൾ ചേർന്ന വാക്കാണ് Ouija എന്നതാണ് ഏറ്റവും പ്രചാരമുള്ള അവകാശവാദം. അതേസമയം, ഭാഗ്യം എന്നർഥമുള്ള പുരാതന ഈജിപ്ഷ്യൻ വാക്കാണ് ഓജോ എന്ന വാദവുമുണ്ട്.
1890ൽ അമേരിക്കയിലെ മേരിലാൻഡിലാണ് ഈ പേരിൽ ബോർഡ് ആദ്യമായി നിർമിക്കപ്പെട്ടത്. എന്നാൽ, 1886കളിൽത്തന്നെ ടോക്കിംഗ് ബോർഡുകൾ എന്ന പേരിൽ ഇത്തരം ബോർഡുകൾ നിർമിക്കപ്പെട്ടിരുന്നു.
ഇവ നിർമിച്ചിരുന്ന കെന്നാർഡ് നോവൽറ്റി കന്പനിയുടെ സ്ഥാപകൻ ചാൾസ് കെന്നാർഡ് ആണ് ഈ ടോക്കിംഗ് ബോർഡിനു ഓജോ എന്നു നാമകരണം ചെയ്തത്. ഇതു ബോർഡിൽനിന്നു തന്നെയാണ് തനിക്കു വെളിപ്പെടുത്തിക്കിട്ടിയതെന്നായിരുന്നു ഇയാളുടെ അവകാശവാദം.
മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാൻ കഴിയുമെന്ന അവകാശവാദത്തോടെയായിരുന്നു ഇയാളുടെ കന്പനി ഇത്തരം ബോർഡുകൾ നിർമിച്ചു വിറ്റഴിച്ചിരുന്നത്.
കളിക്കു പിന്നിൽ
ടോക്കിംഗ് ബോർഡ്, സ്പിരിറ്റ് ബോർഡ് എന്നിങ്ങനെയും ഓജോ ബോർഡുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അക്ഷരങ്ങൾ, അക്കങ്ങൾ, യെസ്, നോ, ഹെലോ എന്നിങ്ങനെയുള്ള ചില പദങ്ങളും സാത്താൻപ്രേമികൾ അടക്കം ഉപയോഗിക്കുന്ന ചില ഡയഗ്രങ്ങളുമൊക്കെ ചിത്രീകരിച്ച തടികൊണ്ടുള്ള ബോർഡാണിത്.
ഈ ബോർഡാണ് ഇത്തരം കർമങ്ങളുടെ കേന്ദ്രസ്ഥാനം. ചില പ്രത്യേക അന്തരീക്ഷമൊക്കെ ഒരുക്കി മരിച്ചവരുടെ ആത്മാക്കളെ വിളിച്ചുവരുത്തി അവയുമായി സംസാരിക്കുന്ന പരിപാടിയാണ് ഇതെന്നാണ് അവകാശവാദം.
മുന്നറിയിപ്പ്
മനഃശാസ്ത്രജ്ഞരും മതനേതാക്കളും ഉൾപ്പെടെയുള്ളവർ പലതവണ ഓജോ ബോർഡ് കളിക്കെതിരേ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സോഷ്യോളജിസ്റ്റുകൾ ഓജോ ബോർഡ് ഉപയോഗിക്കുന്നവരെ, നിഗൂഢശക്തികളെ ആരാധിക്കുന്നവരുടെ (Cult members) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സാത്താനിക അനുഷ്ഠാനങ്ങളിൽ മുഴുകി ജീവിച്ചിരുന്ന കുപ്രസിദ്ധ ബ്രിട്ടീഷ് ആഭിചാരപ്രവർത്തകൻ അലിസ്റ്റർ ക്രോലി (1875-1945) ഓജോ ബോർഡിന്റെ വലിയ ആരാധകനും പ്രചാരകനുമായിരുന്നു.
സാത്താനിക ഉപകരണങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിന്മയുടെ സന്ദേശങ്ങളുമായുള്ള സമരസപ്പെടലാണ് ആത്യന്തികമായി ഓജോ ബോർഡ് ഉപയോഗത്തിൽ സംഭവിക്കുന്നതെന്നു മതാധികാരികൾ ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്രജ്ഞന്മാരും ഓജോ ബോർഡ് ഉപയോഗത്തെ വിശകലനവിധേയമാക്കിയിട്ടുണ്ട്. അറിയപ്പെടുന്ന അമേരിക്കൻ ന്യൂറോളജി പ്രഫസർ ആയ ടെറൻസ് ഹൈൻസ് അദ്ദേഹത്തിന്റെ സ്യൂഡോസയൻസ് ആൻഡ് ദ പാരാനോർമൽ (Pseudo science and the Paranormal) എന്ന പുസ്തകത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവിക്കുന്നത്
യുക്തിക്കും യഥാർഥ്യബോധത്തിനും അതീതമായ മാനസികാവസ്ഥയോടെയാണ് പല വ്യക്തികളും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാനൊരുങ്ങുകയെന്ന് അദ്ദേഹം പറയുന്നു.
അതീന്ദ്രിയ ശക്തികളുടെ സാന്നിധ്യം താൻ അനുഭവിക്കാൻ പോവുകയാണെന്ന രീതിയിൽ മനസിനെ പരുവപ്പെടുത്തുന്നവർ, ഓജോ ബോർഡിനരികെ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളെയും ആത്മാക്കൾ സംഭവിപ്പിക്കുന്നതാണെന്നു ധരിച്ചുകളയും.
വ്യക്തികളുടെ ഉപബോധമനസാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കുക. അതീന്ദ്രീയ ശക്തിയുമായി ബന്ധം സ്ഥാപിക്കപ്പെട്ടെന്ന വിശ്വാസത്തിലേക്കു വഴുതിവീഴുന്ന വ്യക്തി അത്തരം ശക്തികളുടെ അടിമയായി മാറാമെന്നതാണ് ഓജോ ബോർഡ് ഉപയോഗത്തിന്റെ പരിണതഫലം.
കടുത്ത മാനസിക സംഘർഷം, ഒറ്റപ്പെട്ടു നിൽക്കാനുള്ള പ്രവണത, തീരുമാനമെടുക്കാനുള്ള ശേഷിയില്ലായ്മ, തെറ്റായ കാഴ്ചപ്പാടുകൾ, നിഗൂഢമായ പെരുമാറ്റരീതികൾ, സ്വഭാവവൈകല്യങ്ങൾ തുടങ്ങി നിരവധി മാനസിക പ്രശ്നങ്ങൾ ഇത്തരക്കാരെ പിടികൂടാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കത്തോലിക്കാ സഭ ഈ രംഗത്ത് ആഴമേറിയ പഠനങ്ങൾ നടത്തിയിട്ടുണ്ട്. “കത്തോലിക്കാ സഭയുടെ മതബോധനം’ എന്ന ഔദ്യോഗിക ഗ്രന്ഥത്തിൽ (CCC) ഓജോ ബോർഡ് അടക്കമുള്ളവയുടെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നു.
മറ്റു ക്രൈസ്തവ സമൂഹങ്ങളും ആഭിചാര കർമമായിട്ടാണ് ഇതിനെ വിലയിരുത്തിട്ടുള്ളത്. ദുരാത്മാക്കളിലേക്കു വാതിൽ തുറന്നുകൊടുക്കുകയാണ് ഓജോ ബോർഡ് കളിയെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
തീക്കളി വേണോ?
അപരിചിതൻ എന്ന സിനിമ വന്നതിനു ശേഷം ഓജോ ബോർഡ് പരീക്ഷിച്ചു നോക്കിയ ചില കുട്ടികൾ കടുത്ത മാനസിക സംഘർഷങ്ങളിലേക്കു പോയെന്നും തുടർന്ന് കൗണ്സലിംഗ് അടക്കമുള്ളവ അവർക്ക് ആവശ്യമായി വന്നെന്നും ചില അധ്യാപകർ അക്കാലത്തു പറഞ്ഞിരുന്നു.
അതിനാൽ സിനിമ കണ്ടിട്ട് ഓജോ ബോർഡ് പരീക്ഷിക്കാൻ ആരും ഇറങ്ങിപ്പുറപ്പെടരുത്. ഇപ്പോൾ ഓജോ ബോർഡ് ചർച്ചയാകാൻ ഇടയാക്കിയിരിക്കുന്ന സിനിമ ‘രോമാഞ്ചം’ ഇതേ സന്ദേശമാണ് കാഴ്ചക്കാരോടു പങ്കുവയ്ക്കുന്നത്.
വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്നവരുടെ ജീവിതത്തിലേക്ക് ഓജോ ബോർഡ് കളി കടന്നുവന്നശേഷം അവർക്കു സംഭവിക്കുന്ന പ്രശ്നങ്ങളും സംഘർഷങ്ങളുമാണ് സിനിമ ദൃശ്യവത്കരിച്ചിരിക്കുന്നത്.
അതായത്, ഈ തീക്കളിക്ക് ഇറങ്ങിപ്പുറപ്പെട്ടാൽ കുഴപ്പത്തിലാകുമെന്നു ചുരുക്കം. ഇതിനിടെ, ചില സിനിമാതാരങ്ങൾ അതിഭാവുകത്വം കലർത്തി ഓജോ ബോർഡിന്റെ ‘മഹിമകൾ’ മാധ്യമങ്ങൾക്കു മുന്നിൽ വിളന്പുന്നതു കണ്ടു, ദയവായി നമ്മുടെ കുട്ടികളെ പുതപ്പിച്ചു കിടത്തരുത്!