കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ, മനുഷ്യര്‍ കൊടുത്തത് മുഴുവന്‍ കടലമ്മ തിരിച്ചുതന്നു! ഓഖി, മുംബൈ കടല്‍ത്തീരത്ത് എത്തിച്ചത് എണ്‍പത് ടണ്‍ മാലിന്യം; കണ്ണുതള്ളി മുംബൈ നഗരം

കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് വെറുതെയല്ലെന്ന് മനുഷ്യന് മനസിലാക്കി തന്നുകൊണ്ടിരിക്കുകയാണ് പ്രകൃതിയിപ്പോള്‍. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ഉപയോഗം കഴിഞ്ഞുള്ള വലിച്ചെറിയലും ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അത് ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ ഫലം എങ്ങനെയായിരിക്കുമെന്ന് കാണിച്ച് തന്നിരിക്കുകയാണിപ്പോള്‍ പ്രകൃതി. ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്നതെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പലപ്പോഴായി തള്ളിയ മാലിന്യങ്ങളാണ് ഓഖി ചുഴലിക്കാറ്റില്‍ തിരമാലകള്‍ കരയിലെത്തിച്ചത്. 15,000 കിലോ മുതല്‍ 10,000 കിലോ വരെ അടിഞ്ഞ് കൂടിയ വെര്‍സോവ, ജൂഹു ബീച്ചുകളിലാണ് ഏറ്റവും കൂടുതല്‍ മാലിന്യക്കൂമ്പാരം.

ദാദര്‍ ചൗപട്ടി, മറൈന്‍ഡ്രൈവ്, നരിമാന്‍ പോയിന്റ്, മര്‍വ എന്നിവടങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുണ്ട്. ബീച്ചുകളില്‍ ചിലയിടങ്ങളില്‍ രണ്ടടിയോളം ഉയരത്തില്‍ മാലിന്യം അട്ടിയായി കിടക്കുന്നുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും ഇതുവരെ 26 ലോഡുകള്‍ നീക്കം ചെയ്തെന്നുമാണ് അധികൃതര്‍ പറയുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് മൂന്ന് നാല് ദിവസങ്ങള്‍ വേണ്ടിവന്നേക്കും.

 

 

 

Related posts