ആലപ്പുഴ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വിറച്ച് ജില്ലയുടെ തീരദേശം. ഇന്നലെ വൈകുന്നേരം 6.30 മുതൽ ഇന്ന് രാത്രി 11.30 വരെയുള്ള സമയത്തിനിടയ്ക്ക് 65 കിലോമീറ്റർ വരെ വേഗതതയിൽ കാറ്റുണ്ടാകാനും മൂന്നു മീറ്റർ മുതൽ 4.9 മീറ്റർ വരെ തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്ന ജില്ലാ ഭരണ കൂടത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു ഇന്നലെ തീരവാസികൾക്ക്. കടൽക്ഷോഭത്തെ തുടർന്ന് കടൽഭിത്തി കടന്ന് തിരമാലകളെത്തിയതോടെ പലരും ബന്ധുവീടുകളിലേക്ക് രാത്രിയോടെ മാറി.
ആറാട്ടുപുഴയിൽ 26 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് എൽപി സ്കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ 125 പേരാണുള്ളത്. കാട്ടൂരിൽ നാലു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. പുറക്കാട് ഏഴ് കുടുംബങ്ങളെ താത്ക്കാലിക അഭയകേന്ദ്രത്തിലേക്ക് ജില്ലാ ഭരണ കൂടം മാറ്റി. ചെട്ടികാടുനിന്നും മത്സ്യബന്ധനത്തിനുപോയ വള്ളത്തിലെ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന വിവരത്തെത്തുടർന്ന് ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.
ഫിഷറീസിന്റെ ബോട്ട് തിരച്ചിലിനായി ഇന്ന് രാവിലെ അഴീക്കലിൽ നിന്നും ആലപ്പുഴ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. അലറിയെത്തിയ തിരമാലകൾ ജില്ലയുടെ തീരപ്രദേശങ്ങളിൽ പല സ്ഥലത്തെയും കടൽഭിത്തികൾ തകർത്തു. ജനങ്ങളുടെ സഹായത്തോടെ മണൽചാക്കുകളടുക്കി തിരകളെ പ്രതിരോധിച്ചിരിക്കുകയാണ് പലയിടങ്ങളിലും അന്പലപ്പുഴ കോമനയിൽ 14 വീടുകൾക്ക് ഭാഗീകമായ തകരാറുണ്ടായി.
കാട്ടൂരിൽ നിന്നുള്ള ഏഴ് മത്സ്യബന്ധന വള്ളങ്ങൾ പൂർണമായും തകർന്നു. കടലിന്റെ അടിത്തട്ടിളക്കിമറിച്ച് കരയിലേക്കെത്തുന്ന തിരമാലകൾ തീരദേശത്തെ വീടുകളിലും പരിസരപ്രദേശങ്ങളിലും ചെളി നിറച്ചിരിക്കുകയാണ്. ചെല്ലാനം മേഖലയിൽ കടൽഭിത്തി കടന്ന് നൂറുമീറ്ററിലധികം തിരമാലകൾ കരയിലേക്കെത്തിയിരുന്നു. ജില്ലയുടെ തീരപ്രദേശങ്ങളിലും പലയിടങ്ങളിലും കടൽ ഉൾവലിഞ്ഞത് തീരവാസികളെ ആശങ്കയിലാഴ്ത്തി.
കടലിന്റെ അടിത്തട്ടിൽ കാണുന്ന കൂരി, തിരണ്ടി മുതലായ മത്സ്യങ്ങൾ പലയിടങ്ങളിലും തിരമാലകളോടൊപ്പം തീരത്തടിഞ്ഞിരുന്നു. രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇത്തരത്തിൽ രൂക്ഷമായ കടലാക്രമണം ജില്ലയുടെ തീരപ്രദേശങ്ങളിൽ ഉണ്ടായിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ജില്ലാ കളക്ടറേറ്റിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
മത്സ്യബന്ധനത്തിന് തൊഴിലാളികൾ പോകുന്നതും വിലക്കിയിട്ടുണ്ട്. ആലപ്പുഴ ബീച്ച് അടക്കമുള്ള പ്രദേശങ്ങളിൽ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ എത്തുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ജില്ലാ കളകടറുടെ നേതൃത്വത്തിൽ റവന്യു സംഘം കടലാക്രമണ പ്രദേശങ്ങൾ ഇന്നലെ സന്ദർശിച്ച് സ്ഥിതിഗതികൾ ഇന്നലെ വിലയിരുത്തിയിരുത്തി.
ഏഴു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
അന്പലപ്പുഴ: കടൽക്ഷോഭത്തെത്തുടർന്ന് പുറക്കാട് ഏഴു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പുതുവൽ ഷാജി, ഷെമീർ, നജുമുദ്ദീൻ, ലത്തീഫ്, അബ്ദുൾ ഖാദർ, ഷറബുദീൻ, ഖാദർ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. പുറക്കാട് ജമാഅത് ഓഡിറ്റോറിയത്തിലേക്കാണ് ഏഴു കുടുംബങ്ങളെ താത്കാകാലികമായി മാറ്റി പാർപ്പിച്ചത്. ഇന്നലെ രാത്രി ഒന്പതോടെ പുറക്കാട് ഭാഗങ്ങളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്.
രണ്ടു പുലിമുട്ടുകൾക്കിടക്കുള്ള കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. ഇവരുടെ വീടുകൾ ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. അന്പലപ്പുഴ തെക്കു പഞ്ചായത്ത് കോമനയിൽ ആറോളം വീടുകൾ ഇന്നലെ തകർന്നിരുന്നു. നിരവധി വീടുകൾ തകർച്ചാഭീഷണി നേരിടുന്നു. പലരും ബന്ധുവീടുകളെ അഭയം പ്രാപിച്ചു. പുന്നപ്ര ചള്ളിയിൽ കടൽ അഞ്ചുമീറ്ററോളം ഉൾവലിഞ്ഞത് നാട്ടുകാരെ പരിഭ്രാന്തരാക്കി. അധികൃതർ, അന്പലപ്പുഴ പോലീസ്, റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരോടൊപ്പം തീരത്തു തന്നെ ക്യാന്പുചെയ്തു.