ആലപ്പുഴ: ശക്തമായ കടൽക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വീടുകൾ അപകടാവസ്ഥയിലായതുമൂലം ക്യാന്പുകളിലേക്ക് മാറ്റിയ ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കടൽക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങിയത്.
ഇന്നലെ കാർത്തികപ്പള്ളി താലൂക്കിലെയും കടക്കരപ്പള്ളിയിലെയും ഓരോ ക്യാന്പുകൾ വീതം പിരിച്ചുവിട്ടു. നിലവിൽ ഏഴു ദുരിതാശ്വാസ ക്യാന്പുകളിലായി 359കുടുംബങ്ങളാണുള്ളത്. 1359 പേരാണ് ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ ആരംഭിച്ചിരിക്കുന്ന ക്യാന്പുകളിൽ കഴിയുന്നത്. കടൽക്ഷോഭത്തിന്റെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ക്യാന്പുകൾ ഇന്ന് പിരിച്ചുവിട്ടേക്കാം. ഇന്നലെ ജില്ലയിൽ ശക്തമായ കടലാക്രണം ഉണ്ടായിട്ടില്ല.
ഇന്ന് രാത്രി 11.30 വരെ 4.3 മീറ്റർ മുതൽ 5.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദേശം ജില്ലാ ഭരണ കൂടം നൽകിയിട്ടുണ്ട. കടലിന്റെ കലിയടങ്ങിയെങ്കിലും കഴിഞ്ഞദിവസങ്ങളിൽ തിരമാലകൾ തീരത്ത് വരുത്തിയ ദുരിതത്തിൽ നിന്ന് കരകയറാൻ ഏറെ നാളെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മത്സ്യബന്ധനത്തിനുപോയി കാണാതായ അഞ്ചുപേരെ ഇന്നലെ കോസ്റ്റുഗാർഡ് രക്ഷിച്ച് ബേപ്പൂർ തുറമുഖത്തെത്തിച്ചതോടെ മത്സ്യത്തൊഴിലാളികളെ കാണാതായതു സംബന്ധിച്ച് ആശങ്ക തീരത്തിന് ഇല്ലാതായി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് തീരവാസികൾ ഇന്നലെ ദേശീയപാതയും തീരദേശപാതയും ഉപരോധിച്ചിരുന്നു. ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി റെയിൽപാത ഉപരോധിക്കുകയും ചെയ്തു.