തിരുവനന്തപുരം: ഓഖി ദുരന്തത്തെക്കുറിച്ച് വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും കേന്ദ്ര സംഘമെത്തി. രാവിലെ 8.45 ഓടെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഓഖി ദുരിതബാധിത പ്രദേശങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും.
ഓഖി നാശം വിതച്ച വിഴിഞ്ഞത്തേക്ക് സംഘം പുറപ്പെട്ടു. ഇവിടുത്തെ സന്ദർശനത്തിന് ശേഷം പൂന്തുറയിലെ തീരപ്രദശത്തും എത്തി സംഘം നാശനഷ്ടങ്ങൾ വിലയിരുത്തും. കൊച്ചിയിലും സംഘത്തിന്റെ പരിശോധനയുണ്ട്. രണ്ടു സംഘങ്ങളായാണ് ഇവർ ദുരിത മേഖലകൾ സന്ദർശിക്കുന്നത്.
കളക്ടർ കെ.വാസുകി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് തീരപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇവിടെയുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓഖി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും ലത്തീൻ അതിരൂപതയും നിവേദനം നൽകിയിരുന്നു