തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റു വീശി സംസ്ഥാനത്തുണ്ടായ ദുരിതം നേരിടുന്നതിൽ സർക്കാരിനും റവന്യു വകുപ്പിനും വീഴ്ച സംഭവിച്ചുണ്ടോയെന്നു പരിശോധിക്കണമെന്നു സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വലിയതുറ, പൂന്തുറ പ്രദേശങ്ങളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്താൻ ജില്ലാ ഭരണകൂടത്തിനു കഴിഞ്ഞില്ലെന്നുള്ളതു വസ്തുതയാണ്. ഇതു മനസിലാക്കാതെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങളാണു പ്രശ്നങ്ങൾ വഷളാക്കിയത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം ജില്ലയിൽ ഏകോപിക്കേണ്ട മന്ത്രിയുടെ ഓവർസ്മാർട്ട്നെസും സെൽഫിയെടുക്കലുമൊക്കെ ഇപ്പോൾ വലിയ ചർച്ചയാണെന്നും ഇതൊക്കെ വേണ്ടപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരും ഇടതുമുന്നണിയും കൂടുതൽ കുഴപ്പത്തിലേയ്ക്കു പോകുമെന്നും നേതാക്കൾ പറഞ്ഞു.
തിരുവനന്തപുരത്തെ സിപിഐ നേതാക്കളാണു സ്വന്തം മന്ത്രിയുടെ വകുപ്പിനെതിരെയും സിപിഎം മന്ത്രിക്കെതിരെയും സംസ്ഥാന കൗണ്‍സിലിൽ വിമർശനം നടത്തിയത്.ഓഖി ചുഴലിക്കാറ്റു വീശുമെന്ന മുന്നറിയിപ്പു കിട്ടിയിട്ടും സംസ്ഥാനം അതിന്റെ ഗൗരവത്തിലെടുക്കാത്തതാണു ഇങ്ങനെയൊരു ദുരന്തം വരുത്തിവച്ചതെന്നാണു പൊതുവെയുള്ള അഭിപ്രായം.
സംസ്ഥാനത്തെ ദുരന്തനിവാരണ അഥോറിറ്റി അധികൃതർക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടു പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം സർക്കാർ നടത്തണമെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കെ.ഇ. ഇസ്മയിലിനെതിരേയുള്ള ദേശീയ എക്സിക്യൂട്ടീവിന്റെ നടപടി സംസ്ഥാന കൗണ്‍സിലിൽ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ പ്രവർത്തനങ്ങളും മറ്റു വിഷയങ്ങളും സംസ്ഥാന കൗണ്‍സിൽ ചർച്ച ചെയും.