കോഴിക്കോട്: ഓഖിദുരന്തത്തില്‍ പ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അതാത് ജില്ലാഭരണകൂടം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ എത്തുന്ന മുറയ്ക്ക് അവരുടെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ പി.പി.കൃഷണന്‍കുട്ടി അറിയിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്ത് അരിമത്തുറ സ്വദേശി സുനില്‍ ഹൗസില്‍ സ്റ്റെല്ലത്ത്(42) എന്നയാളുടെ മൃതദേഹം ഇന്നലെ രാത്രി 9.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി അധികൃതരില്‍ നിന്നും ബന്ധുക്കള്‍ എറ്റുവാങ്ങി.
സഹോദരന് സിലു വിയാല്‍ , കോട്ടകാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ ഏലിയാസ്, ആന്റണി, അന്ത്രിയോസ് എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ പി.പി.കൃഷണന്‍കുട്ടി ,ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ ടി.എം. മറിയ ഹസീന, അസിസ്റ്റന്റ് ഡയരക്ടര്‍ പി.കെ.രജ്ഞിനി എന്നിവര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
ഓഖിദുരന്തത്തില്‍ ലഭിച്ച മൃതദേഹങ്ങളുടെ മുഴുവന്‍ സാമ്പിളുകളും തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ സെന്ററിലേക്ക് അയച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് വിഭാഗം മേധാവി ഡോ: കെ.പ്രസന്നന് പറഞ്ഞു. നിലവില്‍ ഇവിടെ ദിനം പ്രതി മൂന്ന്പേരുടെ ഡിഎന്‍എ മാത്രമേ പരിശോധിക്കാനുള്ള സംവിധാനമുള്ളു.
അതുകൊണ്ടു തന്നെ പരിശോധനാഫലം ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കും. മരിച്ചയാളുടെ സഹോദരന്റെയോ, മകന്റെയോ അടക്കം മൂന്നുപേരുടെയെങ്കിലും ഡിഎന്‍എ പരിശോധിച്ചശേഷേേമ മരിച്ചയാള്‍ ആരെന്ന് വ്യക്തമാകൂ. അതിനുശേഷം റിസള്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കണം.
അത്രയും ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടതായി വരുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം മൃതദേഹങ്ങള്‍ സംസ്കരിച്ചശേഷം തിരിച്ചറിയാനുള്ള ശേഷിപ്പുകള്‍ ബന്ധുക്കള്‍ക്കായി സൂക്ഷിച്ചാല്‍ മതിയോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
മൃതദേഹങ്ങളുടെ ബാഹുല്യം കാരണം മോര്‍ച്ചറിയിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണിത്. എന്നാല്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ നിര്‍ദേശത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
മല്‍സ്യതൊഴിലാളി കുടുംബങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കൂ. നിലവില്‍ ഇവരുടെ എതിര്‍പ്പുണ്ടാക്കുന്ന നടപടി ക്രമങ്ങളിലേക്ക് പേകേണ്ട എന്നാണ് പൊതുവേയുള്ള വികാരം.
കഴിഞ്ഞ ദിവസം പോസ്റ്റ് മാര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ വയറ്റില്‍ നിന്നും വലിയ ആവോലി മീനും ഞണ്ടുകളും കണ്ടെത്തിയ സംഭവവും ഉണ്ടായി. ശരിക്കും ഭീതിപ്പെടുത്തുന്ന അവസ്ഥയാണ് മോര്‍ച്ചറിയിലെന്ന് ജീവനക്കാരും പറയുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് ആശുപത്രി അധികൃതര്‍ ഈ നിര്‍ദേശം വച്ചത്.